ആലപ്പുഴ: ആറുവർഷത്തിന് ശേഷം ആലപ്പുഴയുടെ വിപ്ളവ പുത്രൻ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിൽ തിരികെയെത്തുന്നത് ഉജ്ജ്വല ഓർമ്മയായി. വിപ്ളവകാരിയെന്ന നിലയിൽ ഒരുകാലത്തും ജനമനസുകളിൽ മരിക്കാത്ത ഓർമ്മയായി അവശേഷിക്കുന്ന വി.എസ് 2019ൽ പുന്നപ്ര വയലാർ വാർഷികാഘോഷത്തിന് ആലപ്പുഴയിലെത്തിയപ്പോഴാണ് വി.എസ്. വേലിക്കകത്ത് വീട്ടിൽ അവസാനമെത്തിയത്. വിഎസ് സമര ഭൂമിയിലും പറവൂരിലെ വേലിക്കകത്ത് വീട്ടിലും എത്തിയിട്ട് 6 വർഷമാകുമ്പോഴാണ് വി.എസിന്റെ അന്ത്യം. 2019യിൽ പുന്നപ്ര വയലാർ വാർഷികാഘോഷം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്.പുന്നപ്ര വയലാർ വാർഷികത്തിന്റെ പുന്നപ്രയിലെ പരിപാടിയുടെ സമാപന ദിവസം പുന്നപ്ര സമരഭൂമിയിൽ വി.എസ് എത്തി അണികൾക്ക് ആവേശം പകർന്ന് ബലി കുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചിരുന്നു. വൈകിട്ട് പറവൂരിലെ രക്തസാക്ഷി നഗറിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും വി.എസ് ആയിരുന്നു. വി.എസ് പറവൂരിലെ വീട്ടിൽ വരാതിരുന്ന കാലം മുതൽ വീടിനോട് ചേർന്ന് ജന്മനാളിൽ നാട്ടുകാർ പായസം തയാറാക്കി വിതരണം ചെയ്യുന്നതും പതിവായിരുന്നു.വി.എസും കുടുംബവും തിരുവനന്തപുരത്ത് താമസമാക്കിയശേഷം വി.എസിന്റെ ഭാര്യ വസുമതിയുടെ ചേച്ചിയുടെ മകനും മുമ്പ് വി.എസിന്റെ പഴ്സണൽ സ്റ്രാഫംഗവുമായിരുന്ന റെജിയും കുടുംബവുമാണ് വേലിക്കകത്ത് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് ഫോണെത്തുമ്പോഴാണ് വി.എസ്. മരണപ്പെട്ട വിവരം വേലിക്കകത്തുവീട്ടിലും അയൽ വീടുകളിലും അറിഞ്ഞത്. പിന്നാലെ ചാനലുകളിൽ വാർത്ത വന്നതോടെ നാട്ടുകാരും പാർട്ടി പ്രവർത്തകരും വേലിക്കകത്ത് വീട്ടിലേക്ക് ഒഴുകിയെത്തി.സി.പി.എം ജില്ലാ സെക്രട്ടറിയും സെക്രട്ടറിയേറ്റംഗങ്ങളും തിരുവനന്തപുരത്ത് പാർട്ടി പഠന ശിബിരത്തിൽ ആയിരുന്നെങ്കിലും വാർത്ത അറിഞ്ഞയുടൻ ജില്ലാകമ്മിറ്റിയംഗങ്ങളുൾപ്പെടെ പുന്നപ്രയിലേക്ക് പാഞ്ഞെത്തി. മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ, മന്ത്രി സജി ചെറിയാൻ, എച്ച്. സലാം എന്നിവർ വീട്ടിലെത്തി. പാർട്ടി ഓഫീസിലും ടൗൺ ഹാളിലും പൊതുദർശനത്തിനും വലിയ ചുടുകാട്ടിലെ സംസ്കാര ചടങ്ങുകൾക്കുമായി പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങളൊരുങ്ങി. ആറുവർഷത്തിനുശേഷം കേരളത്തിന്റെ സ്നേഹാദരവേറ്റുകളേറ്റുവാങ്ങിയാണ് വിപ്ളവ നായകൻ തന്റെ അവസാനയാത്രയ്ക്കായി ആലപ്പുഴയുടെ മണ്ണിലെത്തുന്നത്. ഇന്ന് വൈകുന്നേരം പുന്നപ്രയിലെ വീട്ടിലും തുടർന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും ടൗൺ ഹാളിലും പൊതുദർശനത്തിന് ശേഷമാകും വി.എസിന്റെ മൃതദേഹം സംസ്കാരത്തിനായി വലിയ ചുടുകാടിലെത്തിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |