ആലപ്പുഴ :പരേതരുടെ ജീവചരിത്രം അവരുടെ കല്ലറയിലും ഫോട്ടോയിലും പതിക്കാനാകും വിധം ക്യു.ആർ കോഡിലാക്കി നൽകി ശ്രദ്ധേയമാവുകയാണ് എറണാകുളം പള്ളുരുത്തി സ്വദേശി സ്റ്റെബിൻ ചക്കാലയ്ക്കൽ സേവ്യറും (25) കൊച്ചി ഇൻഫോപാർക്കിലെ യോങ്കോ ടെക്നോളജീസും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം.
അകാലത്തിൽ മരിച്ച ഉറ്റസുഹൃത്തിന്റെ ഫോട്ടോകളടക്കം രക്ഷിതാക്കളുടെ കൈയിലില്ലെന്ന് മനസ്സിലാക്കിയ സ്റ്റെബിൻ കഴിഞ്ഞ നവംബറിൽ മറ്റ് സുഹൃത്തുക്കളുടെ പക്കലുണ്ടായിരുന്ന ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് ഡിജിറ്റൽ ആൽബമാക്കി ആ കുടുംബത്തിന് സമ്മാനിച്ചു. മകന്റെ ഓർമ്മകളിൽ കുടുംബം സന്തോഷിക്കുന്നത് കണ്ടതോടെയാണ് മരിച്ചവരുടെ ജീവിതം പുതിയതലമുറയിലേക്ക് എത്തിക്കാമെന്ന ആശയം മനസ്സിലുദിച്ചത്. സുഹൃത്ത് പോളിന്റെ സാമ്പത്തിക പിന്തുണയിൽ കൊച്ചി ഇൻഫോപാർക്കിൽ ആരംഭിച്ച യോങ്കോ ടെക്നോളജീസ് എന്ന സ്റ്റാർട്ടപ്പിന്റെ ആദ്യ ഉത്പന്നമാണ് 'ദ ലാസ്റ്റ് ഗിഫ്റ്റ് '. സ്റ്റെയിൻലസ് സ്റ്റീൽ ക്യൂ ആർ കോഡാണ് ഉത്പന്നം. കോഡ് സ്കാൻ ചെയ്യുമ്പോൾ പരേതരുടെ ജീവിതകാലയളവിലെ പ്രധാനസംഭവങ്ങൾ, തീയതികൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ കാണാം. വ്യക്തിഗതമായി ആദരാഞ്ജലികൾ അർപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
ചേർത്തല കോളേജ് ഒഫ് എൻജിനീയറിംഗിൽ നിന്ന് ബി ടെക് പൂർത്തിയാക്കാതിറങ്ങിയ സ്റ്റെബിൻ കൊവിഡ് കാലത്ത് സലൂണുകൾ ബുക്ക് ചെയ്യാനുള്ള മൊബൈൽ ആപ്പ് വികസിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല. 'ദ ലാസ്റ്റ് ഗിഫ്റ്റ് ' സംരംഭം ലാഭകരമാകാൻ സമയമെടുക്കുമെങ്കിലും തന്റെ ആശയം സ്വീകരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് സ്റ്റെബിൻ.
മാർക്കറ്റിംഗ് വെല്ലുവിളി
സമൂഹം ഏറ്റെടുക്കാൻ ബുദ്ധിമുള്ള ഉത്പന്നമാണ് തന്റേതെന്ന വ്യക്തമായ ധാരണയിലാണ് ജനുവരിയിൽ സ്റ്റെബിൻ സ്റ്റാർട്ടപ്പ് ആരംഭിച്ചത്. മാർക്കറ്റിങ്ങായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. വളരെ ശ്രദ്ധയോടെയായിരുന്നു മുന്നോട്ടുള്ള യാത്ര. ഓരോനാട്ടിലും അധികം അറിയപ്പെടാതെ കിടക്കുന്ന മനുഷ്യരെ കുറിച്ച് 'അൺസംഗ് ഹീറോസ്' എന്ന പേരിൽ ക്യാമ്പയിൻ നടത്തി. മരണപ്പെട്ട് പോയവരുടെ ജീവിതം ഉൾക്കൊള്ളുന്ന ക്യു.ആർ കോഡുകൾ സൗജന്യമായി നൽകി. കേട്ടറിഞ്ഞവർ തേടിയെത്തി തുടങ്ങിയതോടെ ഏഴ് മാസം കൊണ്ട് നൂറിലധികം ഓർഡറുകൾ ലഭിച്ചു. കോട്ടയം,തൃശൂർ ജില്ലകളിൽ നിന്നാണ് കൂടുതൽ ഓർഡർ ലഭിച്ചത്. ഇവയിൽ 75 ശതമാനവും കല്ലറകളിൽ കോഡ് പതിക്കാനായിരുന്നു. ശേഷിക്കുന്നവ ഫോട്ടോ ഫ്രെയിമിൽ പതിക്കാനും.
കോഡ് സ്റ്റെയിൻലസ് സ്റ്റീലിൽ
സ്റ്റെയിൻലസ് സ്റ്റീലിൽ ലേസർ വഴിയാണ് കോഡ് പതിക്കുന്നത്. സ്റ്റെബിന്റെ സഹായത്തിന് ശ്രീരാഗ് എന്ന ജീവനക്കാരനുണ്ട്. പൂർണവിവരങ്ങൾ ലഭ്യമാക്കിയാൽ മൂന്ന് ദിവസത്തിനുള്ളിൽ ക്യു.ആർ കോഡ് ആവശ്യക്കാരിലെത്തും. ഒരുകോഡ് തയ്യാറാക്കുന്നതിന് 879 രൂപയാണ് ഈടാക്കുന്നത്. വെബ്സൈറ്റ് തയ്യാറാക്കുന്നതിനും, പ്രചാരണത്തിനും ലക്ഷങ്ങൾ ചെലവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |