ആലപ്പുഴ: ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയെന്ന കീഴ്വഴക്കം മാറ്റിക്കൊണ്ട് ഈ മാസം 30ന് നടക്കുന്ന നെഹ്റുട്രോഫി ജലമേളയിൽ തീപാറുന്ന പോരാട്ടത്തിന് വേണ്ടിയുള്ള ക്ലബ്ബുകളുടെ പരിശീലനത്തിന് തുടക്കമായി. രണ്ടാം ഹാട്രിക് ലക്ഷ്യം വെച്ചിറങ്ങുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, തിരിച്ചുവരവ് ആഗ്രഹിക്കുന്ന കൈനകരി യുണൈറ്റഡ‌് ബോട്ട് ക്ലബ്ബ്, കുമരകം ബോട്ട് ക്ലബ്ബ്, നാടിന്റെ സ്വപ്നവുമായി കാരിച്ചാൽ ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ് എന്നിങ്ങനെ നീളുകയാണ് പോരാട്ടക്കാരുടെ പട്ടിക. കൈനകരി, പള്ളാത്തുരുത്തി, കുമരകം തുടങ്ങി വ്യത്യസ്ത ഇടങ്ങളിലായാണ് പരിശീലന ക്യാമ്പുകൾ. യു.ബി.സി തുഴയുന്ന തലവടി ചുണ്ടൻ ഞായറാഴ്ച്ച നീറ്റിലിറക്കും. നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന് 7ന് നീരണിയും. പള്ളാത്തുരുത്തി തുഴയുന്ന മേൽപ്പാടം ചുണ്ടൻ നേരത്തെ നീരണിഞ്ഞിരുന്നു. ഇത്തവണ ജലമേള നടത്തിപ്പിന് രണ്ട് കോടി രൂപയുടെ സ്പോൺസർഷിപ്പ് കണ്ടെത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഒരു കോടി രൂപമാത്രമാണ് സർക്കാരിന്റെ സഹായമായി ലഭിക്കുക. കൂടുതൽ സമയം മുന്നൊരുക്കത്തിന് ലഭിക്കുന്നത് ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.
സ്റ്റാർട്ടിംഗ് ഡിവൈസിൽ തീരുമാനമായില്ല
വള്ളംകളിയുടെ പന്തൽ ഉൾപ്പെടയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. പന്തൽ, പവലിയൻ, ട്രാക്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. സ്റ്റാർട്ടിംഗ് ഡിവൈസിന്റെ തിരഞ്ഞെടുപ്പ് നീളുകയാണ്. മയൂരം ക്രൂയിസിന്റെ ഡിവൈസ് കഴിഞ്ഞ ദിവസം പുന്നമടയിൽ പ്രദർശിപ്പിച്ചിരുന്നു. ടെന്ററിലും മയൂരം പങ്കെടുത്തു. എന്നാൽ ഇത് തിരഞ്ഞെടുക്കുന്നത് ജില്ലാകളക്ടർക്ക് റേസ് കമ്മറ്റിയോഗം വിട്ടു. ഒരാൾ കൂടി വെള്ളിയാഴ്ച ടെന്റർ സമർപ്പിച്ചു. ഇതോടെയാണ് ഡിവൈസ് തിരഞ്ഞെടുക്കുന്നത് വൈകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |