ചേർത്തല: ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത് റിമാൻഡിലായിരുന്ന വസ്തു ഇടനിലക്കാരനായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിൽ വാങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ രാത്രി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വീണ്ടും സെബാസ്റ്റ്യനെ പള്ളിപ്പുറത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുക്കും. ജൈനമ്മയുടെ ശരീരഭാഗങ്ങൾ കുഴിച്ചിടുകയോ കത്തിക്കുകയോ മീൻകുളത്തിൽ തള്ളുകയോ ഉണ്ടായെങ്കിൽ ആ ഇടങ്ങളിൽ പരിശോധനക്കടക്കം സൗകര്യങ്ങളുമായി സംഘമെത്തുമെന്നാണ് വിവരം. ജൈനമ്മയുടെ മൊബൈൽ ഫോണും വസ്ത്രങ്ങളുമെല്ലാം കണ്ടെത്താനുണ്ട്. ആഭരണങ്ങൾ വിറ്റ വ്യാപാരസ്ഥാപനത്തിൽ നിന്നും പണയം വെച്ച സഹകരണ സ്ഥാപനത്തിൽ നിന്നും വീണ്ടെടുത്തിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് സംഘമാണ് ജൈനമ്മയുടെ തിരോധാനം അന്വേഷിക്കുന്നത്.ഡിസംബർ 23നു തന്നെ ജൈനമ്മ കൊല്ലപ്പെട്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. കഴിഞ്ഞ 28ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് ഏതാനും ശരീരാവശിഷ്ടങ്ങൾ കത്തക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജൈനമ്മയെ കാണാതായതിന് ശേഷവും ഓണാക്കിയും ഓഫാക്കിയും സെബാസ്റ്റ്യൻ കൈയ്യിൽ സൂക്ഷിച്ച ജൈനമ്മയുടെ മൊബൈൽ ഫോൺ പിന്തുടർന്നു നടത്തിയ അന്വേഷണമാണ് നിർണായക തെളിവുകളിലേക്കെത്തിച്ചത്. തിരുവനന്തപുരത്ത് പരിശോധനയ്ക്ക് അയച്ച ശരീരാവശിഷ്ടങ്ങളുടെ ഡി.എൻ.എ ഫലം അടുത്ത ആഴ്ച വരുന്നതോടെ ഇതിലെല്ലാം വ്യക്തതവരുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |