ചേർത്തല: ഏറ്റുമാനൂർ സ്വദേശി ജയ്‌നമ്മയെ ദുരൂഹ സാഹചര്യത്തിൽ കാണാതായ കേസിലെ അന്വേഷണത്തിനിടെ പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങളിൽ അന്വേഷണ സംഘത്തിന് സംശയം.
ഇത് ജയ്നമ്മയുടേതാണെന്ന നിഗമനത്തിലയിരുന്നു കോട്ടയം ക്രൈംബ്രാഞ്ച് നടപടികൾ സ്വീകരിച്ചത്. ജയ്നമ്മയുടെ സഹോദരങ്ങളുടെ രക്തസാമ്പിളുകൾ നേരത്തെ ശേഖരിച്ച് ഡി.എൻ.എ പരിശോധനക്കയച്ചിരുന്നു. ലഭിച്ച തലയോട്ടിയുടെയും തുടയെല്ലുകളുടെയും പ്രാഥമിക പരിശോധനയിൽ ജയ്നമ്മയുടേത് ആണെന്ന നിഗമനത്തിലാണ് മറ്റു നടപടികളിലേക്ക് കടന്നത്. എന്നാൽ, എല്ലുകളുടെ കാലപ്പഴക്കവും തലയോട്ടിയോട് ചേർന്ന ക്യാപ്പിട്ട പല്ലുമാണ് അന്വേഷണ സംഘത്തെ സംശയത്തിലാക്കുന്നത്.
ജയ്നമ്മക്ക് ക്യാപ്പിട്ട പല്ലുകളില്ലെന്ന് ബന്ധുക്കൾ ഉറപ്പിക്കുകയും എന്നാൽ ദുരൂഹസാഹചര്യത്തിൽ 10 വർഷങ്ങൾക്ക് മുമ്പ് കാണാതായ ചേർത്തല സ്വദേശിനി അയിഷക്ക് ഒരുവെപ്പുപല്ലുണ്ടെന്നു കണ്ടെത്തുകയും ചെയ്തതോടെ അന്വേഷണം ആവഴിക്കാണ് നീങ്ങുന്നത്. അയിഷയുടെ മകളുടെ രക്തസാമ്പികൾ ശേഖരിച്ച ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം ഡി.എൻ.എ പരിശോധനക്കയച്ചിരിക്കുകയാണ്. കാണാതായ ബിന്ദു പത്മനാഭനും പല്ലിന് കേടുപാടുകൾ ഉണ്ടായിരുന്നതിനെ തുടർന്ന് വിദഗ്ദ ചികിത്സ തേടിയിരുന്നു. എന്തായാലും ഡി.എൻ.എ ഫലം വരുന്നതോടെ ഇതിനെല്ലാം സ്ഥിരീകരണമാകും.
വീട്ടുവളപ്പിൽ ഇന്ന് വിശദ പരിശോധന
ജെയ്നമ്മ പള്ളിപ്പുറത്തെ വീട്ടിൽവച്ച് കൊല്ലപ്പെട്ടന്ന് ഉറപ്പിച്ചാണ് കോട്ടയം ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം. കാണാതായ 23ന് തന്നെ ഇവർ കൊല്ലപ്പെട്ടെന്നും ശരീരാവശിഷ്ടങ്ങൾ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ തന്നെയുണ്ടെന്നുമാണ് നിഗമനം. ഇക്കാര്യത്തിൽ സെബാസ്റ്റ്യൻ പരോക്ഷമായി കുറ്റസമ്മതം നടത്തിയെങ്കിലും ശരീരാവശിഷ്ടങ്ങളുടെ കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല. ജെയ്നമ്മയുടെ സ്വർണാഭരണങ്ങളടക്കം അപഹരിച്ച് പണയംവയ്ക്കുകുയും പിന്നീട് എടുത്തു വിൽക്കുകയുമായിരുന്നു. ഇതെല്ലാം അന്വേഷണസംഘം വീണ്ടെടുത്തിട്ടുണ്ട്. എന്തായാലും സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ ഇന്ന് വിശദമായ പരിശോധന നടത്തും. രണ്ടേക്കറിന് മേൽവരുന്ന ചൊങ്ങംപറമ്പു വീട്ടുവളപ്പിൽ മീൻവളർത്തുന്ന ഏതാനും കുളങ്ങളടക്കമുണ്ട്. കാടുകയറി കിടക്കുന്ന ഇവിടം മൊത്തത്തിൽ പരിശോധിക്കാനാണ് നീക്കം. ശാസ്ത്രീയ ഉപകരണങ്ങളുടെയടക്കം സഹായത്തിലായിരിക്കും തിരച്ചിൽ. ചൊങ്ങംപറമ്പിൽ വീട്ടിൽ പ്രവേശനം നിരോധിച്ച് 24 മണിക്കൂറും പൊലീസ് കാവൽ ഏർപ്പെടുത്തി. വീട്ടിലേക്കുള്ള പ്രാധന റോഡിനോട് ചേർന്നുള്ള ഗേറ്റ് പൊലീസ് സീൽചെയ്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |