ആലപ്പുഴ: കർക്കടക മാസത്തിലെ എല്ലാദിവസവും ആദ്ധ്യാത്മ രാമായണം സമ്മാനിക്കുന്നത് ശീലമാക്കിയ ആത്മീയ പ്രഭാഷകനാണ് കാളാത്ത് തിരുവോണം വീട്ടിൽ സതീഷ് ആലപ്പുഴ (56). 15 വർഷമായി പ്രഭാഷണ രംഗത്ത് സജീവമായ സതീഷ് കഴിഞ്ഞ രാമായണകാലം മുതലാണ് ആദ്ധ്യാത്മ രാമായണം സമ്മാനിച്ചു തുടങ്ങിയത്. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ രാമായണപാരായണ പ്രഭാഷണ വേദിയിൽ തന്റെ പ്രഭാഷണം കേൾക്കാനെത്തുന്നവരിൽ നിന്ന് ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആത്മീയ ഗ്രന്ഥം സമ്മാനിക്കുകയായിരുന്നു. കഴിഞ്ഞവർഷം 31ദിവസം 31പേർക്ക് പുസ്തകം സമ്മാനിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും, 48പേർക്ക് പുസ്തകം കൈമാറാൻ കഴിഞ്ഞു. ഈ വർഷവും സമാനമായിരുന്നു സ്ഥിതി.
ഇത്രത്തോളം രാമായണങ്ങൾ നൽകാൻ സുഹൃത്തുക്കളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനായും, തുടർന്ന് 33വർഷം പത്രപ്രവർത്തന രംഗത്തും പ്രവർത്തിച്ചിരുന്ന സതീഷ് ഏറെക്കാലമായി പ്രഭാഷണരംഗത്ത് സജീവമാണ്. നാലാം വയസ്സിൽ അമ്മ ഭഗവത്ഗീത പഠിക്കാനായി യോഗാനന്ദാശ്രമത്തിലയച്ചിരുന്നു. അതാണ് അടിസ്ഥാന പാഠം. ആത്മീയതയോട് ഉള്ളിലുണ്ടായിരുന്ന താത്പര്യമാണ് പിൽക്കാലത്ത് പ്രഭാഷണരംഗത്തേക്ക് നയിച്ചത്.
ഒരിക്കൽ ആലപ്പുഴയിൽ പ്രഭാഷണത്തിനെത്തിയ ശങ്കരാചാര്യരുടെ പ്രതിനിധിക്ക് 1008 തവണ കലിയുഗ മന്ത്രമെഴുതി നൽകിയപ്പോൾ ഭഗവത്ഗീതയാണ് സമ്മാനമായി ലഭിച്ചത്. ചിന്മയാമിഷന്റെ ക്ലാസുകളും ജീവിതത്തിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്തി. ഒരിക്കൽ ചിന്മയാമിഷന്റെ രാമായണ മേളയിൽ യാദൃശ്ചികമായി കുട്ടികളോട് കഥ പറയാൻ അവസരം ലഭിച്ചു. അത് കേട്ട വ്യക്തി മുഖാന്തരം ആലപ്പുഴ തിരുവമ്പാടി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പ്രഭാഷണം നടത്താൻ ക്ഷണം ലഭിച്ചു.
തുടക്കം തിരുവമ്പാടിയിൽ
2011 സെപ്റ്റംബറിൽ തിരുവമ്പാടി ക്ഷേത്രസന്നിധിയിലാണ് പ്രഭാഷകനായി തുടക്കം കുറിച്ചത്. തുടർന്നിങ്ങോട്ട് ഗുരുവായൂർ സത്രവേദിയടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 600ലധികം വേദികൾ പിന്നിട്ടു. ജോലി ചെയ്തിരുന്ന കാലത്ത് സജീവമാകാൻ സാധിച്ചിരുന്നില്ല. ശ്രീമദ് നാരായണീയ സ്വാധ്യായ മഹാസഭ തുടങ്ങിയ വിവിധ ആത്മീയസംഘടനകളിൽ സജീവമാണ്. സതീഷ് മുല്ലയ്ക്കൽ അമ്മയെ കുറിച്ചെഴുതിയ രാജരാജേശ്വരി ഗീതങ്ങൾ എന്ന ആഞ്ച് പാട്ടുകൾ ഉൾപ്പെടുന്ന അൽബത്തിൽ കാവാലം ശ്രീകുമാർ അടക്കമുള്ളവരാണ് ആലപിച്ചിരിക്കുന്നത്. ഭാര്യ :മായാദേവി. ചെന്നൈ എൽ ആൻഡ് ടിയിൽ സീനിയർ എൻജിനിയറായ എസ്.ഗോപിക മകളാണ്. അച്ഛൻ ശ്രീഗോപിനാഥ പിള്ളയും അമ്മ കെ.പൊന്നമ്മാളും ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |