ആലപ്പുഴ: പുഞ്ചകൃഷിയ്ക്ക് വളപ്രയോഗം ആരംഭിച്ചിരിക്കെ കുട്ടനാട്ടിൽ യൂറിയ ക്ഷാമം കടുത്തു. യൂറിയയ്‌ക്കൊപ്പം തങ്ങളുടെ മറ്റ് ഉത്പന്നങ്ങളും വാങ്ങണമെന്ന വളക്കമ്പനികളുടെ ശാഠ്യമാണ് കർഷകർക്ക് തിരിച്ചടിയായത്. യൂറിയ ആവശ്യപ്പെട്ടെത്തുന്നവർക്ക് മൈക്രോഫുഡ് കൂടി നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. സഹകരണസംഘങ്ങൾക്കും രാസവളവിൽപ്പനകേന്ദ്രങ്ങൾക്കും കമ്പനികൾ യൂറിയ വിതരണം ചെയ്യുന്നതും ഇതേ രീതിയിലാണ്. അഞ്ച് ടൺ യൂറിയ ആവശ്യമാണെങ്കിൽ നാല് ടൺ യൂറിയയും 1 ടൺ മൈക്രോഫുഡുമായാണ് എത്തിക്കുക. യൂറിയ മാത്രമായി വിറ്റാൽ മൈക്രോഫുഡ് കെട്ടികിടക്കാനും സംഘങ്ങൾക്കും രാസവള വ്യാപാരികൾക്കും നഷ്ടത്തിനും കാരണമാകും. രണ്ട് ചാക്ക് യൂറിയ ആവശ്യപ്പെട്ട് വരുന്ന കർഷകന് യൂറിയയുടെ രണ്ടിരട്ടി വിലവരുന്ന 25കിലോ തൂക്കം വരുന്ന മൈക്രോ ഫുഡ് കൂടി വാങ്ങിയാലേ സഹകരണസംഘങ്ങൾ ഉൾപ്പെടെ യൂറിയ നൽകുകയുള്ളൂ. സഹകരണ സംഘങ്ങൾക്ക് വളം സ്റ്റോക്ക് ചെയ്യാനുളള ഗോഡൗൺ സംവിധാനം പരിമിതമായതും യൂറിയയും മൈക്രോഫുഡും കൂടുതൽ സ്റ്റോക്ക് ചെയ്യുന്നതിന് തടസമാണ്.
യൂറിയ വേണോ, വിലകൂടിയ മൈക്രോ ഫുഡും വാങ്ങണം
1. നെൽച്ചെടികൾ മുളച്ചാൽ പതിനഞ്ചാം പക്കം മുതൽ നെല്ല് കുടമാകുന്നതിന് മുന്നോടിയായി അമ്പത്തഞ്ചാം പക്കം വരെ മൂന്ന് ഘട്ടങ്ങളിലാണ് വളപ്രയോഗം
2. ഇതിൽ ചെടികളുടെ വളർച്ചയ്ക്കും പോഷണത്തിനും പ്രധാന ഘടകമാണ് യൂറിയ. ഒരു ഏക്കറിന് മൂന്ന് ഘട്ടങ്ങളിലായി 60-65 കിലോ വരെ യൂറിയ ആവശ്യമായി വരും
3. 50 കിലോ തൂക്കം വരുന്ന ഒരു ചാക്ക് യൂറിയയ്ക്ക് 330 രൂപയാണ് നിലവിലെ വില. .ഇരുപതാം പക്കത്തിന് ശേഷമുള്ള വളപ്രയോഗമാണ് ഇപ്പോൾ നടക്കുന്നത്
4. ഇതിനുശേഷം 40,65 ദിവസങ്ങളിലും വളപ്രയോഗം വേണ്ടിവരും. കടക്കെണിയിൽ ഉഴലുന്ന കർഷകർക്ക് രാസവളകമ്പനികളുടെ നിലപാട് ദ്രോഹകരമാണ്
5. കുട്ടനാട്, എടത്വ, ചമ്പക്കുളം, കൈനകരി ഭാഗങ്ങളിലൊന്നും യൂറിയ കിട്ടാനില്ല. എടത്വയിൽ മാത്രമാണ് നിലവിൽ യൂറിയ വിതരണമുള്ളത്.
ഒരേക്കറിൽ വേണ്ട യൂറിയ
60-65 കി.ഗ്രാം
രാസവളം വിലവർദ്ധനവ് മൂലം വീർപ്പുമുട്ടുന്ന കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായിരുന്നു യൂറിയ. എന്നാൽ കർഷകർ യൂറിയ ആവശ്യപ്പെടുമ്പോൾ, അനുബന്ധമായി വിലകൂടിയ മറ്റു ഉൽപ്പന്നങ്ങൾ കൂടി വാങ്ങാൻ ഏജൻസികൾ നിർബന്ധിക്കുകയാണ്. യൂറിയ സംഭരിച്ച് സൂക്ഷിക്കുന്നതും ക്ഷാമത്തിന് കാരണമാണ്. രാസവള വാഗണുകൾ വരുന്ന ദിവസം തന്നെ വളം കൊണ്ടുവന്ന് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന രീതിയാണ് സഹകരണ സംഘങ്ങൾ അവലംബിക്കുന്നത്. അതിനാൽ മിക്ക സംഘങ്ങളിലും യൂറിയ ഉൾപ്പെടെയുള്ള വളങ്ങൾ സ്റ്റോക്കില്ല
- ലാലിച്ചൻ പള്ളിവാതുക്കൽ, നെൽകർഷകൻ
യൂറിയ മാത്രമായി കമ്പനികൾ നൽകുന്നില്ല. മൈക്രോഫുഡ് വാങ്ങാൻ തയ്യാറായാലേ യൂറിയ നൽകുകയുള്ളൂ. യൂറിയയ്‌ക്കൊപ്പം അവ വിറ്റഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംഘത്തിന് നഷ്ടമുണ്ടാകും
- സഹകരണ സംഘം ,കൈനകരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |