ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട സെബാസ്റ്റ്യനെ ഇന്ന് സംസ്ഥാന ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. ഇതിന് മുന്നോടിയായി ഏറ്റുമാനൂർ കോടതി പരിധിയിൽ സെബാസ്റ്റ്യന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.ജെയ്നമ്മ കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യനെ കസ്റ്റഡി ആവശ്യപ്പെട്ട് ചേർത്തല കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു. ബിന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ബിന്ദുപത്മനാഭനെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയതായി ബി.എൻ.എസ് 103 വകുപ്പു(ഐ.പി.സി 302) പ്രകാരം കേസെടുത്തതായി സംസ്ഥാന ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 2017 സെപ്തംബറിൽ ബിന്ദുവിന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തരവകുപ്പിന് നൽകിയ പരാതിയിൽ പട്ടണക്കാട് പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി തട്ടിപ്പ്,ആൾമാറാട്ടം,തിരിമറി തുടങ്ങി മൂന്നു കേസുകൾ എടുത്തിരുന്നു. 2020 മുതൽ സംസ്ഥാന ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. 2021ൽ തന്നെ ബിന്ദുപത്മനാഭൻ കൊല്ലപ്പെട്ടതായി നിഗമനത്തിലെത്തിയെങ്കിലും സംശയ നിഴലിലായ സെബാസ്റ്റ്യനെതിരെ കേസെടുത്തിരുന്നില്ല. 2006ൽ ബിന്ദുകൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മൃതദേഹമടക്കം കണ്ടെത്തുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. നിലവിൽ ചേർത്തല പൊലീസ് പുനരന്വേഷിക്കുന്ന ചേർത്തല സ്വദേശിനി ഹയറുമ്മ (ഐഷ)യെ കാണാതായ കേസിലും സെബാസ്റ്റ്യൻ സംശയ നിഴലിലാണ്.സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തിയ അസ്ഥിക്കഷണങ്ങൾ തിരുവനന്തപുരത്ത് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിരുന്നുന്നെങ്കിലും ഫലം ലഭിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |