മണക്കാല : ഒരു കെ.എസ്.ആർ.ടി.സി ബസ് സർവീസ് തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കാൻ പോകുന്ന കാഴ്ചയാണ് ഏറത്ത്, കടമ്പനാട് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിൽ. കഴിഞ്ഞ 5 വർഷമായി ഇരു പഞ്ചായത്തിലെയും ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്ന കടമ്പനാട് - പന്തളം ബസ് സർവീസ് പുനരാരംഭിക്കാൻ കെ എസ് ആർ ടി സി അധികൃതരും വിഷയത്തിൽ കാര്യമായി ഇടപെടാൻ പഞ്ചായത്ത് ഭരണസമിതിയും രാഷ്ട്രീയപാർട്ടി നേതാക്കളും തയ്യാറാവാത്തതിലും പ്രതിഷേധിച്ചാണ് ഒരു വിഭാഗം നാട്ടുകാർ തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ഒരുങ്ങുന്നത്. ഗതാഗത മന്ത്രിയുടെ പാർട്ടിയുടെ പ്രധാന നേതാവ് ഈ ബസ് റൂട്ട് കടന്നുപോകുന്ന മണക്കാല വാർഡ് കേന്ദ്രീകരിച്ചു സ്ഥാനാർത്ഥിയാകുന്നതിനിടയിലാണ് കടുത്ത അവഗണനയിൽ മനംനൊന്ത് വോട്ടർമാരുടെ പ്രതിഷേധം. ഗതാഗത മന്ത്രി നിർദേശിച്ചിട്ടും ബസ് സർവീസ് ആരംഭിക്കാത്തത് തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഏറത്ത് പഞ്ചായത്തിലെ ജനശക്തി നഗർ , ചിറ്റാണിമുക്ക് ,അന്തിച്ചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കടമ്പനാട് പഞ്ചായത്തിലെ ഈ റൂട്ട് കടന്നു പോകുന്ന പ്രദേശങ്ങളിലെയും ജനങ്ങൾ കടുത്ത യാത്രാദുരിതത്തിലാണ്. പൗരസമിതി ഗതാഗത മന്ത്രിയെ നേരിൽ കണ്ടു പരാതി ഉന്നയിച്ചിട്ടും ഫലവുമുണ്ടായില്ല. കൊവിഡ് കാലത്താണ് ബസ് സർവീസ് നിലച്ചത്. അടൂർ ഡിപ്പോയിലെ ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്തതാത്പര്യമാണ് സർവീസ് പുനഃസ്ഥാപിക്കാത്തതിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത് . "ആദ്യം മനുഷ്യന് സഞ്ചരിക്കാൻ ബസ് സർവീസ് വരട്ടെ പിന്നെയാവാം വോട്ട് " എന്നാണ് ആളുകളുടെ പക്ഷം. ബസ് സർവീസ് പുനസ്ഥാപിക്കുന്നത് വരെ പോരാട്ടം തുടരുമെന്നു പൗരസമിതി പ്രസിഡന്റ് അനിൽ മണക്കാല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |