
ആലപ്പുഴ : സമുദ്രോത്പന്ന കയറ്റുമതി വ്യവസായത്തിന്റെ നെടുംതൂണായ ചെമ്മീൻ പീലിംഗ് മേഖലയിൽ പ്രതിസന്ധികൾ ഒഴിയാതെ തുടരുമ്പോഴും തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിക്കുന്നതിന് പ്രത്യേകസമിതിയെത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാത്തത് വെല്ലുവിളിയാകുന്നു. തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിക്കുന്നതിനും അവരുടെ തൊഴിൽ, ജീവിത, സാമ്പത്തിക, ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി പ്രത്യേക സമിതിയെ നിയോഗിച്ചതായി തൊഴിൽവകുപ്പ് മന്ത്രി വി.ശിവൻകുട്ടി 2024 ജൂണിലാണ് നിയമസഭയെ അറിയിച്ചത്.
ലേബർ കമ്മിഷണർ, ഇ.എസ്.ഐ ഡയറക്ടർ, ഫിഷറീസ് ഡയറക്ടർ, തൊഴിലാളി സംഘടനകളിൽനിന്നുള്ള ഓരോ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് സമിതി. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു എച്ച്.സലാം എം.എൽ.എയുടെ ശ്രദ്ധ ക്ഷണിക്കലിന് അന്ന് മന്ത്രി നൽകിയ മറുപടിയെങ്കിലും തുടർനടപടികൾക്ക് വേഗതയുണ്ടായില്ല.
ഒരു ടോക്കൺ ചെമ്മീൻ കിള്ളുമ്പോൾ 19.50 രൂപയാണ് തൊഴിലാളിക്ക് ലഭിക്കുക. പലപ്പോഴും ഒരു ടോക്കണിൽ 2കിലോഗ്രാം വരെ ചെമ്മീൻ കിള്ളേണ്ടി വരും. ചെറിയ ചെമ്മീനാണെങ്കിൽ 20ടോക്കണേ ഒരുദിവസം കിള്ളാൻ കഴിയൂവെന്ന് തൊഴിലാളികൾ പറഞ്ഞു.
തീരപ്രദേശങ്ങളിൽ കുടിൽവ്യവസായം കണക്കെയാണ് പീലിംഗ് ഷെഡ്ഡുകൾ പ്രവർത്തിക്കുന്നത്. ചെറിയ പീലിംഗ് ഷെഡ്ഡുകളിൽ കമ്മീഷൻ വ്യവസ്ഥയിലാണ് ചെമ്മീൻ കിള്ളിക്കുന്നത്. ഇതോടെ തൊഴിലാളിക്ക് അർഹതപ്പെട്ട വേതനം ലഭിക്കില്ല. ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കാറില്ലെന്ന് തൊഴിലാളികൾ പറയുന്നു.
മന്ത്രിയുടെ പ്രഖ്യാപനവും നടപ്പായില്ല
1. നിലത്തിരുന്ന് ചെമ്മീൻ കിള്ളുന്ന സ്ത്രീ തൊഴിലാളികൾക്ക് മതിയായ സൗകര്യം പല ഷെഡുകളിലും ലഭ്യമല്ല
2. കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യുന്നതു മൂലം പലർക്കും ഗർഭാശയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുന്നു
3. സമയക്രമം നിർണയിച്ചിട്ടില്ലാത്തതിനാൽ ചില ഷെഡുകളിൽ ജോലി പൂർത്തിയാക്കാതെ ശുചിമുറിയിൽ പോകാൻ അനുവദിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്
4. ട്രോളിംഗ് നിരോധന കാലത്ത് പല പീലിംഗ് ഷെഡ്ഡുകളും അടയ്ക്കുമ്പോൾ തൊഴിൽനഷ്ടം നേരിടാറുമുണ്ട്
ജില്ലയിൽ പീലിംഗ് തൊഴിലാളികൾ
1 ലക്ഷം
പഠനസമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. സമിതി ഉടൻ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും
- എച്ച്.സലാം എം.എൽ.എ
ചെമ്മീൻ പീലിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ നൽകണം
- തൊഴിലാളികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |