
മാവേലിക്കര: മാവേലിക്കര നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ
കോൺഗ്രസ് അധികാരത്തിലേക്ക്. അധികാര തുടർച്ചയാണ് നേടിയതെങ്കിലും ഈ വൻ വിജയം കോൺഗ്രസിനും അതിലുപരി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരനും അഭിമാനിക്കാവുന്ന നേട്ടമാണ്.
എതിർപക്ഷത്തിന്റെ രാഷ്ട്രീയ, സാമുദായിക നീക്കങ്ങൾ തിരിച്ചറിഞ്ഞ് വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനും മത്സരിപ്പിക്കാനും കഴിഞ്ഞതാണ് കോൺഗ്രസിന് നേട്ടമായത്. ഇത് തന്നെയാണ് കോൺഗ്രസ് വിജയത്തിന് അടത്തറ പാകിയതും. മുൻ ചെയർപേഴ്സൺ ലളിതാരവീന്ദ്രനാഥ്, മുൻ വൈസ് ചെയർപേഴ്സൺ ടി.കൃഷ്ണകുമാരി എന്നിവരിൽ ഒരാളെയാകും ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുക.
സി.പി.എമ്മിന്റേത്
കനത്ത് പരാജയം
സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തിന് അപ്പുറമാണ് മാവേലിക്കരയിലെ സി.പി.എമ്മിന്റെ പരാജയം. സമീപ പഞ്ചായത്തുകളിലെല്ലാം സി.പി.എം മികച്ച പ്രകടനം കാഴ്ചവച്ചപ്പോഴാണ് മാവേലിക്കര നഗരസഭയിൽ 9 സീറ്റിൽ നിന്ന് സി.പി.എം മൂന്നും സി.പി.ഐ ഒന്നും എന്ന അവസ്ഥയിലേക്ക് ഇടതുപക്ഷം കുപ്പുകുത്തിയത്.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകളും സ്ഥാനാർത്ഥികളോട് പാർട്ടിക്കുള്ളിലെ അവമതിപ്പും പരാജയത്തിന്റെ ശക്തി കൂട്ടി. ഇതുവരെ പരാജയപ്പെട്ടിട്ടില്ലാത്ത വാർഡുകളിൽ പോലും ഇത്തവണ പാർട്ടി പരാജയം ഏറ്റുവാങ്ങി.
തുടർവിജയങ്ങൾക്ക് ശേഷം ഏഴാം മത്സരത്തിനിറങ്ങിയ മുൻ ചെയർപേഴ്സൺ ലീല അഭിലാഷ്, ആദ്യമായി വിജയിച്ച വാർഡിൽ തോറ്റു. അവരുടെ സിറ്റിംഗ് സീറ്റിലും സി.പി.എം പരാജയപ്പെട്ടു. സി.പി.എം പാനലിൽ മത്സരിച്ച മുൻ കൗൺസിലറുമാർ എല്ലാം പരാജയപ്പെട്ടു. സമ്മർദ്ദങ്ങൾക്ക് വഴങ്ങി പല വാർഡുകളിലും സ്ഥാനാർത്ഥികളാക്കിയവരെ പാർട്ടി അണികൾ സ്വീകരിച്ചില്ലെന്നതാണ് സത്യം.
പോരാട്ടം മറന്ന്
ബി.ജെ.പി
ബി.ജെ.പിക്ക് നിർണ്ണായക സ്വാധീനമുള്ള മാവേലിക്കരയിൽ നിലവിലെ 9 സീറ്റുകളിലേക്ക് ഇത്തവണ എത്താൻ സാധിക്കാത്തതിന് കാരണം അവരുടെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പോരായ്‌മയാണ്. സിറ്റിംഗ് സീറ്റുകളിൽ പോലും മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞതുമില്ല.
മണ്ഡലം ഭാരവാഹിത്വത്തിലെ തർക്കവും ബി.ജെ.പിയുടെ സംഘടന സംവിധാനത്തെ ബാധിച്ചു. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കുമ്മനംരാജശേഖരൻ അടക്കം വന്നുനിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതുകൊണ്ടാണ് വലിയ നാണക്കേടിൽ നിന്ന് ഇത്തവണ ബി.ജെ.പി കരകയറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |