
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ അംഗീകാരമില്ലാത്ത വകുപ്പിൽ ഇല്ലാത്ത തസ്തികയിൽ നിയമനം നടത്താനുള്ള നീക്കത്തിനെതിരെ ചാൻസലർക്ക് പരാതി നൽകി എം.ജി സർവകലാശാല ടീച്ചേഴ്സ് ഓർഗനൈസേഷൻ. 'ഡയറക്ടറേറ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ' എന്ന ഡിപ്പാർട്ട്‌മെന്റിന്റെ പേരിൽ അസി. ഡയറക്ടറെ നിയമിക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെയാണ് പരാതി.
ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്സ് സയൻസസ് ആണ് എം.ജി. സർവകലാശാലയിലെ സ്റ്റാറ്റ്യൂട്ടറി വകുപ്പ്. ഇതിനെ വിഭജിച്ച് കായികമേളകളുടെ നടത്തിപ്പിനായി ഡയറക്ടറേറ്റ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്ന പുതിയ വകുപ്പിന് രൂപം നൽകാൻ സിൻഡിക്കേറ്റ് അനുമതി നൽകിയിരുന്നു. എന്നാൽ, സർവകലാശാല സ്റ്റാറ്റ്യൂട്ടിൽ ഭേദഗതി വരുത്താതെയായിരുന്നു തീരുമാനം.
ഭേദഗതിയില്ലാതെ വകുപ്പ് വിഭജിച്ച് രണ്ടാക്കാനാവില്ലെന്ന് പരാതിയിൽ പറയുന്നു. സർക്കാരിന്റെ അനുമതിയും കിട്ടിയിട്ടില്ല. നിയമപരമായി അംഗീകാരമില്ലാത്ത വകുപ്പിന്റെ പേരിലുള്ള നിയമനം ചട്ടവിരുദ്ധമെന്നാണ് ആക്ഷേപം. എം.ജി സർവകലാശാലാ ആക്ടിലെ വകുപ്പ് 7(4) പ്രകാരം ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്തി, സിൻഡിക്കേറ്റ് തീരുമാനങ്ങളുടെ നിയമസാധുതയും നടപടിക്രമങ്ങളും പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |