
അരൂർ: ദേശീയപാത 66 നവീകരണത്തിന്റെ ഭാഗമായി അരൂർ–തുറവൂർ ഉയരപ്പാതയിലെ എ1– ബി1 ഏരിയയിൽ അവസാന ഗർഡർ സ്ഥാപിച്ചു. അരൂർ പള്ളി ബൈപാസ് കവലയിലെ 2548ാം നമ്പർ ഗർഡർ കഴിഞ്ഞദിവസമാണ് ഉയർത്തിയത്. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ നീളമുള്ള ഉയരപ്പാതയിൽ ആകെ 2566 ഗർഡറുകളാണ് ഉള്ളത്.
അരൂർ ഭാഗത്തെ റാംപിന്റെ തുടക്കത്തിലെ അവസാന ഗർഡറാണ് ഇപ്പോൾ സ്ഥാപിച്ചത് . ഇത് സ്ഥാപിക്കുന്ന ചടങ്ങിൽ പ്രോജക്ട് ഇൻ ചാർജുമാരായ ഓമനക്കുട്ടൻ നായർ, വിപിൻ അഗർവാൾ, ഡി.ജി.എം വി.എ. വേണുഗോപാൽ, എച്ച്.എസ്.ഇ ലീഡ് ഷിനു രാമചന്ദ്രൻ, സീനിയർ മാനേജർ വിവേക് പുതിയാത്ത്, പ്രോജക്ട് മാനേജർ സിബിൻ ശ്രീധർ, കൊമേഴ്ഷ്യൽ ഹെഡ് സദാനന്ദൻ, സെക്ഷൻ ഇൻ ചാർജ് അരവിന്ദ് കുമാർ, അരൂർ എസ്.ഐ എസ്.ഗീതുമോൾ എന്നിവർ പങ്കെടുത്തു. ഗതാഗത നിയന്ത്രണങ്ങളോടെയും പൊലീസിന്റെ സാന്നിദ്ധ്യത്തിലുമാണ് ജോലികൾ നടന്നത്.
കെ.എസ്.ഇ.ബി അനുമതി വൈകും
അരൂർ - തുറവൂർ ഉയരപ്പാതയിൽ ഇനി 18 ഗർഡറുകൾ മാത്രമാണ് സ്ഥാപിക്കാൻ അവശേഷിക്കുന്നത്
ഇതിൽ പിയർ 27, 28 എന്നിവിടങ്ങളിൽ നാല് ഗർഡറുകൾ സ്ഥാപിച്ചതിന് ശേഷം ബാക്കി 14 ഗർഡറുകൾ മാർച്ചിന് ശേഷമേ സ്ഥാപിക്കാൻ കഴിയൂ
പില്ലർ 24, 25, 26, 27 എന്നിവയുടെ മുകളിലൂടെ 110 കെവി വൈദ്യുതി ലൈൻ കടന്നുപോകുന്നതിനാൽ കെ.എസ്.ഇ.ബിയുടെ അനുമതി ലഭിക്കണം
അതോടെ ഇവിടെ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് കാലതാമസം നേരിടാനിടയുണ്ട്.
ആകെ ഗർഡറുകൾ
2566
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |