
കോഴിക്കോട്: വടകര ചോറോട് സ്വദേശിയായ ഷിംജിത വി.കെ എന്ന ഷിംജിത മുസ്തഫയെ ഇന്നലെ ഉച്ചയോടെയാണ് വടകരയിലെ ബന്ധുവീട്ടിൽ നിന്ന് മെഡിക്കൽകോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് ഇവരെ മഫ്തിയിലെത്തിയ വനിതാ പൊലീസുകാർ ഉൾപ്പെട്ട സംഘം സ്വകാര്യവാഹനത്തിൽ അതീവ രഹസ്യമാക്കി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. 10 മിനുട്ടിനുള്ളിൽ കൊയിലാണ്ടിയിൽ നിന്നും പൊലീസ് വാഹനത്തിൽ ഷിംജിതയുമായി പൊലീസ് കുന്ദമംഗലം കോടതിയിലേക്ക് പോയി. പർദ്ദയും മാസ്‌കും ധരിച്ചെത്തിയ ഷിംജിതയെ ആളുകൾ തിരിച്ചറിഞ്ഞിരുന്നില്ല. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് മാദ്ധ്യമങ്ങൾക്ക് വിവരം ലഭിച്ചത്. അതോടെ മെഡിക്കൽകോളേജ് പൊലീസ് സ്റ്റേഷന് മുമ്പിൽ കൗൺസിലർ ടി.രനീഷിൻറെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകരെത്തി. കുന്ദമംഗലം കോടതിയിൽ ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡൻറ് കെ.പി പ്രകാശ്ബാബുവിൻറെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ സംഘടിച്ചെത്തി ഷിംജിതയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു. യുവതിക്കെതിരായ കുറ്റപത്രത്തിൽ ഐ.ടി ആക്ട് ചേർക്കാത്തത് പൊലീസിൻറെ ഒത്തുകളിയാണെന്ന് പ്രകാശ്ബാബു ആരോപിച്ചു. ഷിംജിതയെ സ്വകാര്യവാഹനത്തിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.
ഷിംജിത മുൻ മുസ്ലിംലീഗ് വാർഡ് മെമ്പർ
2020 തദ്ദേശതിരഞ്ഞെടുപ്പിൽ മലപ്പുറം അരീക്കോട് പഞ്ചായത്തിലെ 14-ാം വാർഡിൽ മുസ്ലിംലീഗ് പ്രതിനിധിയായി ജയിച്ചയാളാണ് വടകര ചോറോട് മുട്ടുങ്ങൽ വെസ്റ്റ് സ്വദേശിയായ ഷിംജിത. ഷിംജിതയുടെ ഭർത്താവിൻറെ സ്ഥലമാണ് അരീക്കോട്. എന്നാൽ മെമ്പറായി ഒന്നര വർഷം പ്രവർത്തിച്ച ശേഷം ജോലി സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി ഇവർ വിദേശത്തേക്ക് പോവുകയായിരുന്നു. വനിതാ ലീഗിൻറെ സജീവ പ്രവർത്തകയായ ഷിംജിത സോഷ്യൽ മീഡിയയിൽ സജീവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |