SignIn
Kerala Kaumudi Online
Wednesday, 25 September 2024 7.48 PM IST

വീണ്ടും പക്ഷിപ്പനി : വളർത്തി വലുതാക്കി എരിതീയിൽ തള്ളി

Increase Font Size Decrease Font Size Print Page
duck

ആലപ്പുഴ: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കായി വളർത്തിയ താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവ് കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കൊവിഡ് ഇടവേളയ്ക്ക് ശേഷം ഉണർന്ന വിപണിയിൽ പ്രതീക്ഷയർപ്പിച്ചാണ് കടം വാങ്ങിയും മറ്റും പല കർഷകരും താറാവ് വളർത്തൽ പുനരാരംഭിച്ചത്.

താറാവുകൾ കൂട്ടത്തോടെ ചത്തതോടെ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ താറാവുകളെയും മറ്റു പക്ഷികളെയും പൂർണമായും മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം കൊന്ന് മറവ് ചെയ്യുകയാണ്. ഇതോടെയാണ് കർഷകർ കടക്കെണിയിലേക്ക് വീണത്.

ക്രിസ്മസ് ആഘോഷങ്ങൾക്ക് പത്തുലക്ഷം താറാവുകളെ തീൻമേശയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. വിൽപന ഏറ്റവും കൂടുതൽ നടക്കുന്നതും ക്രിസ്മസ് കാലത്താണ്. ഇത് ലക്ഷ്യമിട്ട് ജില്ലയിൽ കുട്ടനാടൻ, അപ്പർകുട്ടനാടൻ മേഖലകളിൽ കൂടുതൽ താറാവുകളെ വളർത്തിയിരുന്നു. ഇവയ്ക്കാണിപ്പോൾ പക്ഷിപ്പനി പിടിപെട്ടത്. കഴിഞ്ഞവർഷവും സമാനരീതിയിൽ താറാവുകൾ ചത്തിരുന്നു.

കൈനകരി, പുന്നപ്ര നോർത്ത്, സൗത്ത്, അമ്പലപ്പുഴ നോർത്ത്, സൗത്ത്, പുറക്കാട്, ചെറുതന, തകഴി, എടത്വാ, മുട്ടാർ,​ ചമ്പക്കുളം, പുളിങ്കുന്ന്, രാമങ്കരി, ആര്യാട്, തൃക്കുന്നപ്പുഴ, കുമാരപുരം, പള്ളിപ്പാട്,​ വീയപുരം, തവലടി പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭാ പരിധിയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടങ്ങളിൽ താറാവ്, കോഴി, കാട, വളർത്ത് പക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ചിട്ടുണ്ട്.

തകർന്നടിഞ്ഞ് താറാവ് കർഷകർ

1. 24 രൂപ നിരക്കിലാണ് താറാവ് കുഞ്ഞുങ്ങളെ വാങ്ങുന്നത്

3. മൂന്നുമാസം വളർത്തി ഇറച്ചിത്താറാവായി വിൽക്കും

3. തുടക്കത്തിൽ നൽകുക കോഴിത്തീറ്റയും കക്കയിറച്ചിയും

4. പിന്നീട് വില്പന യോഗ്യമല്ലാത്ത അരി തീറ്റയായി കൊടുക്കും

5. കിലോക്ക് 19 - 21 രൂപക്കാണ് അരി വാങ്ങുന്നത്

6. ആയിരം താറാവിന് ഒരു നോട്ടക്കാരൻ വേണം

7. ഇയാളുടെ ദിവസക്കൂലി 1,​000 രൂപ

8. താറാവൊന്നിന് കർഷകന് ലഭിക്കുന്നത് 250 രൂപ

9. വ്യാപാരികൾ വിൽക്കുന്നത് 300-350 രൂപയ്ക്ക്

10. കൊന്ന് സംസ്കരിക്കുന്നത് വളർച്ചയെത്തിയ താറാവുകളെ

ഇന്നലെ സംസ്കരിച്ച താറാവുകൾ

നെടുമുടി: 22,​803

കരുവാറ്റ: 15,​875

രോഗവ്യാപനം അതിവേഗം

നിരണം, പെരിങ്ങര, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിൽ ചെറുതും വലുതുമായ ഒട്ടേറെ ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. അതിവേഗം വായുവിലൂടെ രോഗം പടരുന്നതിനാൽ ഭീതിയിലാണ് കർഷകർ. 2014, 2016 കാലയളവിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. 2016ൽ അപ്പർകുട്ടനാട്ടിലാണ് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. അന്ന് അഞ്ചുലക്ഷം രൂപയാണ് ആകെ നഷ്ടപരിഹാരം നൽകിയത്. ദേശാടനപക്ഷികളുടെ വരവും രോഗവ്യാപനത്തിന് ഇടയാക്കും.

''''

പക്ഷിപനി സ്ഥിരീകരിച്ചതോടെ ക്രിസ്മസ് വിപണിയിൽ നിന്ന് കുട്ടനാടൻ ചാര, ചെമ്പല്ലി ഇനം താറാവുകൾ പുറത്തായി. ഇനി തമിഴ്നാട്ടിലെ കഴത്തല, ആറാണ് എന്നിവ ഇടംപിടിക്കും. ഇവയ്ക്ക് വലിപ്പം കൂടുതലാണ്. കർഷകർക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണം.

കുട്ടപ്പൻ, താറാവ് കർഷകൻ,​ കരുമാടി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.