കൊച്ചി: എറണാകുളം ജില്ലയിൽ നിന്ന് സി.പി.എം സംസ്ഥാന സമിതിയിലെ പുതുമുഖമായി കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ. മേയർ എന്ന നിലയിൽ ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം നടത്തിയ ക്രിയാത്മക നടപടികൾ, എറണാകുളം മാർക്കറ്റ് നിർമ്മാണം, വെൽനെസ് സെന്ററുകൾ, കോർപ്പറേഷനിലെ ഓപ്പൺ സ്പേസുകൾ, സമൃദ്ധി ഹോട്ടൽ, ഷീ ലോഡ്ജ്, മാലിന്യ സംസ്കരണ യന്ത്രങ്ങൾ തുടങ്ങിയ നിരവധി ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചത് അനിൽകുമാറിന്റെ ജനകീയ മുഖത്തിന് മാറ്റുകൂട്ടി.
എളമക്കര ഡിവിഷനിൽ നിന്ന് വിജയിച്ച അനിൽകുമാർ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. കഴിഞ്ഞതവണ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ കൗൺസിൽ അംഗം എന്നീ ചുമതലകളുമുണ്ട്.
കൊച്ചിക്കാർക്ക് ഏറ്റവും സുപരിചിതമായ മുഖമാണ്. 2000 മുതൽ 2015 വരെ കോർപ്പറേഷൻ കൗൺസിലറും 2008 മുതൽ 2010 വരെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. ജില്ലയിലെ വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയാണ്.
എം.ജി. യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗമാണ്. എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്. എളമക്കര മണിമേഖല വീട്ടിലാണ് താമസം ഭാര്യ ബാങ്ക് ഉദ്യോഗസ്ഥയായ സ്മിത. മക്കൾ: ശ്രുതി, സ്വാതി
ഇതൊരു ഭാരിച്ച ഉത്തരവാദിത്വമാണ്. എനിക്ക് മുമ്പിരുന്ന പ്രഗത്ഭരെയാണ് ഓർക്കുന്നത്. എനിക്ക് പോരായ്മകളുമുണ്ട്. എന്നിരുന്നാലും പാർട്ടി എന്നിലർപ്പിച്ച വിശ്വാസം സംരക്ഷിക്കും. പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകും
എം. അനിൽകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |