കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത് രണ്ട് വീടുകൾ ഇന്നലെ പുലർച്ചെ കാട്ടാനക്കൂട്ടം തകർത്തു. താലിപ്പാറ മാവിൻചുവട് കോട്ടയ്ക്കകത്ത് ഡെനീഷ് ജോസഫ്, പരുന്തുംപ്ലാക്കൽ റോസമ്മ എന്നിവരുടെ വീടുകളാണ് തകർത്തത്.
ആന ഡെനീഷിന്റെ വീടിനുള്ളിൽ കയറി. ഭിത്തിയും വാതിലും ജനലും പാത്രങ്ങളുമെല്ലാം തകർത്ത ശേഷമാണ് മടങ്ങിയത്. ഡാനിഷ് ടെറസിന് മുകളിൽ കയറി രക്ഷപ്പെട്ടു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പരിസരത്ത് ആനകളുടെ സാന്നിദ്ധ്യം കണ്ടതിനാൽ പിതാവ് ജോസഫിനെ നേരത്തെ തന്നെ അകലെയുള്ള മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു.
റോസമ്മയുടെ വീടിന്റെ ഭിത്തിയാണ് തകർത്തത്. ഇവിടെ ആൾത്താമസമുണ്ടായിരുന്നില്ല. രോഗിയും അവിവാഹിതയുമായ റോസമ്മ ആന ശല്യം മൂലം സഹോദരന്റെ വീട്ടിലാണ് കഴിയുന്നത്. വീടിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന തേനീച്ചക്കൂട്ടം ആക്രമിച്ചതോടെയാണ് ആനകൾ തിരികെ പോയത്.
ഡാനിഷിന്റെ വീട് നാലുമാസം മുമ്പും ആന തകർത്തിരുന്നു. അറ്റകുറ്റപ്പണി നടത്തിയ വീടാണ് വീണ്ടും തകർത്തത്.
കുട്ടമ്പുഴ പഞ്ചായത്തിന്റെ 10, 11 വാർഡുകളിൽപ്പെടുന്നതാണ് മാമലക്കണ്ടം. ആനകളുടെ വിഹാരകേന്ദ്രങ്ങളായ പൂയംകുട്ടി വനവും നേര്യമംഗലം വനവുമാണ് ചുറ്റും. രണ്ട് വനങ്ങളിൽ നിന്നുള്ള ആനകളും ജനവാസ മേഖലയിലെത്തും.
കൃഷി നശിപ്പിക്കുന്നതിന് പുറമെയാണ് വീടുകൾക്ക് നേരെയുളള ആക്രമണങ്ങൾ. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പകൽ പോലും റോഡിലും പറമ്പിലുമെല്ലാം ആനകളെ കാണാം. ഫെൻസിംഗ് ഫലം ചെയ്യുന്നില്ല. ആനപ്പേടിയാൽ ഒട്ടേറെ വീട്ടുകാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ചേക്കേറി. വീടും കൃഷിയും ഉപജീവന മാർഗ്ഗങ്ങളും ഉപേക്ഷിക്കാൻ കഴിയാത്തവരാണ് രണ്ടും കല്പിച്ച് ഇവിടെ കഴിയുന്നത്.
നഷ്ടപരിഹാരം കിട്ടില്ല
മാമലകണ്ടത്ത് നൂറുകണക്കിന് വീടുകളും കൃഷിയിടങ്ങളുമുണ്ട്. പട്ടയം കുറച്ചു പേർക്കു മാത്രം. ഇക്കാരണത്താൽ ആനകളും മറ്റ് വന്യമൃഗങ്ങളും മൂലമുണ്ടാകുന്ന നാശങ്ങൾക്ക് നഷ്ടപരിഹാരം പോലും നിഷേധിക്കപ്പെടുകയാണ്.
പട്ടയം മാനദണ്ഡമാക്കാതെ എല്ലാവർക്കും അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം. ആന ശല്യത്തിന് ശാശ്വത പരിഹാരവും വേണം
സൽമ പരീത്,
ഗ്രാമ പഞ്ചായത്ത് അംഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |