ഇൻഡസ്ട്രിയുടെ നിലനില്പിന് തിരുത്തൽ വേണം
കൊച്ചി: നഷ്ടക്കയത്തിൽ കൈകാലിട്ടടിക്കുന്ന മലയാള സിനിമയ്ക്ക് തർക്കങ്ങളും കേസുകളും വിവാദങ്ങളും കനത്ത പ്രഹരമാകുന്നു. തെന്നിന്ത്യൻ ബഹുഭാഷാ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ കൊയ്ത്ത് തുടരമ്പോഴും കേരളത്തിലെ സ്ഥിതി കുത്തഴിഞ്ഞ നിലയിലാണ്. സംഘടനകൾ തമ്മിലുള്ള ശീതസമരവും സ്ഥിതിഗതികൾ വഷളാക്കി. ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട പ്രശ്‌നങ്ങളും നടന്റെ പേര് വെളിപ്പെടുത്തിയ സംഘടനയോട് പരാതിക്കാരിയായ നടി വിൻസി അലോഷ്യസ് നിസ്സഹകരണം പ്രഖ്യാപിച്ചതുമാണ് ഒടുവിലെ സംഭവം.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില പേജുകൾ പുറത്തുവന്നതോടെയാണ് പവർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്ന സിനിമയിൽ പൊട്ടിത്തെറി ശക്തമായത്. പീഡന, അപമാന പരാതികളിൽ പല സിനിമാ പ്രമുഖരും ഇപ്പോൾ കേസിൽ തൂങ്ങി നടക്കുകയാണ്.
തർക്കങ്ങൾരൂക്ഷം
താരങ്ങളും നിർമ്മാതാക്കളുമായുള്ള തർക്കം വീണ്ടും ശക്തമായി തുടരുന്നു. ചലച്ചിത്ര പ്രവർത്തനങ്ങൾ നിർത്തിവെച്ച് സമരം ചെയ്യുമെന്ന നിർമ്മാതാക്കളുടെ പ്രഖ്യാപനം നിലനിൽക്കുകയാണ്. താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നും അഭിനേതാക്കളുടെ നിർമ്മാണ കമ്പനികൾ പൂട്ടണമെന്നുമാണ് മറ്റു പ്രധാന ആവശ്യങ്ങൾ. ഇതിനെതിരെ താരങ്ങൾ ശക്തമായി പ്രതികരിച്ചു.
പൊട്ടിയ സിനിമകളുടെ നഷ്ടക്കണക്ക് പറഞ്ഞാണ് നിർമ്മാതാക്കൾ പ്രതിരോധം തീർത്തത്. താരങ്ങൾ പ്രതിഫലം ഉയർത്തുന്നതിന് പിന്നിൽ ലഹരി ഇടപാടുകളുമുണ്ടെന്ന പരാതികളുമുണ്ടായി. മാർച്ചിൽ മൾട്ടിസ്റ്റാർ ചിത്രം 'എമ്പുരാൻ' പുറത്തുവന്ന സാഹചര്യത്തിൽ താൽക്കാലിക ഒത്തുതീർപ്പുണ്ടാക്കുകയായിരുന്നു. ഉള്ളടക്കത്തിലെ വിവാദത്തെ തുടർന്ന് എമ്പുരാനിൽ നിന്ന് പലതും വെട്ടിമാറ്റിയതോടെ ചിത്രം റിലീസ് കേന്ദ്രങ്ങളിൽ നിന്ന് ഏറെക്കുറെ പുറത്താവുകയും ചെയ്തു.
റെയ്ഡിൽ കുടുങ്ങിയവർ
1. 'ആവേശം' സിനിമയുടെ മേക്കപ്പ്മാനായിരുന്ന ആർ.ജി. വയനാട് എന്ന രഞ്ജിത് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി.
2. ചിത്രീകരണം നടക്കുന്ന 'ബേബി ഗേൾ' സിനിമയുടെ ഫൈറ്റർ മഹേശ്വരന്റെ മുറിയിൽ നിന്ന് ഡിക്ഷണറി രൂപത്തിലുള്ള ലഹരിപ്പെട്ടി കണ്ടെടുത്തു.
3. വിൻസി തന്റെ അനുഭവം പങ്കിട്ടത് വലിയ ചർച്ചയായി. മോശമായി പെരുമാറിയ നടന്റെ വായിൽ വെളുത്ത പൊടി കണ്ടെന്നും വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഷൈൻ ടോമിന്റെമുറിയിൽ ഡാൻസാഫ് സംഘം പരിശോധനയ്‌ക്കെത്തിയതും നടൻ ചാടിയോടിയതും. ചോദ്യം ചെയ്യലും നടപടികളും തുടരുകയാണ്.
രഹസ്യം ചോർന്നതും പ്രശ്‌നം
പരാതിയിലെ വിവരങ്ങൾ പുറത്തുവിട്ടതിലെ അതൃപ്തി കാരണം നടി വിൻസി പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇതേ അനുഭവം ഹേമ കമ്മിറ്റിയിൽ രഹസ്യ മൊഴി നൽകിയ ചമയ കലാകാരികളും നേരിട്ടിരുന്നു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവന്നതോടെ ബന്ധപ്പെട്ട സംഘടന പുറത്താക്കൽ ഭീഷണി ഉയർത്തി. താൻ പൊതുവായി പറഞ്ഞ കാര്യങ്ങളിൽ മൊഴി നൽകാൻ പ്രത്യേക പൊലീസ് സംഘം നിർബന്ധിക്കുകയാണെന്ന ആവലാതി നടി മാല പാർവതിയും ഉയർത്തിയിരുന്നു
സിനിമകളുടെ
ആകെ നഷ്ടം
ജനുവരി: 110 കോടി
ഫെബ്രുവരി: 75 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |