ഫലം കണ്ട് കേരളകൗമുദിയുടെ വാർത്താ പോരാട്ടം
കൊച്ചി: വടുതല ബണ്ട് പൊളിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. 14 വർഷം നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമിട്ടാണ് തീരുമാനം. വടുതല ബണ്ടിന്റെ ഭീകരാവസ്ഥയെക്കുറിച്ചുള്ള മാർച്ചിലെ കേരളകൗമുദി വാർത്താ പരമ്പരയിൽ ഉത്തരവുണ്ടാകുമെന്ന് മന്ത്രി പി. രാജീവ് മുൻകൂട്ടി സൂചിപ്പിച്ചിരുന്നു.
ദേശീയപാത നിർമ്മാണത്തിന് വിവിധ ഘട്ടങ്ങളിൽ മണ്ണ് ആവശ്യമുണ്ടെന്ന് എൻ.എച്ച്.എ.ഐ അറിയിച്ചതിനെ തുടർന്ന്, കേരളത്തിലെ വിവിധ നദികളിൽ നിന്ന് മണ്ണും ചെളിയും ഡ്രെഡ്ജ് ചെയ്ത് ഉപയോഗിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവിലാണ് വടുതല ബണ്ടിലെ മണ്ണ് പൂർണ്ണമായി നീക്കം ചെയ്യണമെന്ന് നിർദ്ദേശം. അഷ്ടമുടി, വേമ്പനാട് കായലുകളിലെ മണ്ണും ഇതോടൊപ്പം നീക്കം ചെയ്യും.
ആദ്യ ഘട്ടത്തിൽ എൻ.എച്ച് 66 ന്റെ കൊടുങ്ങല്ലൂർ റീച്ചിലും മറ്റൊരിടത്തും ബണ്ടിലെ മണ്ണ് ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വേണ്ടെന്ന് വച്ചു. സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസും (സ്വാസ്), കേരളകൗമുദിയും നാല് വർഷത്തിലേറെയായി നടത്തിയ നിരന്തരമായ പോരാട്ടത്തിന്റെ ഫലമായാണ് ഒടുവിൽ ഈ ഉത്തരവ് വന്നിരിക്കുന്നത്.
ഉത്തരവിലെ നിർദ്ദേശങ്ങൾ
1. മണ്ണിന് സർക്കാരിന് വലിയ തുക നൽകേണ്ടതില്ല.
2. ചിലയിടങ്ങളിൽ ഡ്രഡ്ജ് ചെയ്യുന്നതിന് എൻ.എച്ച്.എ.ഐ, റോഡ് നിർമ്മാണം ഏൽപ്പിക്കുന്ന ഏജൻസികളിൽ നിന്ന് തുക ഈടാക്കും.
3. പഠനം നടത്താതെ എൻ.എച്ച്.എ.ഐ മണ്ണ് കൊള്ളില്ലെന്ന് റിപ്പോർട്ട് നൽകിയതെന്ന വിവരം കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വീണ്ടും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇറിഗേഷൻ വിഭാഗത്തോട് നിർദ്ദേശിച്ചു.
4. പുതിയ ഉത്തരവിൽ എത്ത്രോളം ഡ്രഡ്ജ് ചെയ്യണമെന്ന് പ്രത്യേകം രേഖപ്പെടുത്താത്തതിനാൽ, ബണ്ടിലെ മുഴുവൻ മണ്ണും നീക്കം ചെയ്യണമെന്നാണ് അധികൃതരുടെ നിർദ്ദേശം. 5. ദേശീയ ജലപാത ഉൾപ്പെടുന്ന പ്രദേശത്തുനിന്നാണ് ഡ്രഡ്ജ് ചെയ്യുന്നതെങ്കിൽ ഇൻലൻഡ് വാട്ടർ വെയ്‌സ് അതോറിട്ടിയെ അറിയിക്കണം.
വടുതല ബണ്ട്
റെയിൽവേ മേൽപാലം പണിയുന്നതിന് താത്കാലികമായി നിർമ്മിച്ചത്. 25,15,670 ഘനയടി മണ്ണും ചെളിയും 25,750 ഘനയടി കോൺക്രീറ്റ് അവശിഷ്ടങ്ങളും അടിഞ്ഞ് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ച വടുതല ബണ്ടിന്റെ ചുറ്റുവട്ടങ്ങൾ വേലിയിറക്ക സമയങ്ങളിൽ കരപ്രദേശംപോലെയാണ്. അതിനാൽ ഈ പ്രദേശത്തെ മത്സ്യസമ്പത്തും കുറഞ്ഞു. 20 തൂണുകൾക്കുമിടയിലൂടെ തുടക്ക കാലത്ത് ബാർജുകൾ ഉൾപ്പെടെ കടന്നു പോയിരുന്നു. പിന്നീട് ഇതുവഴി ചെറുവള്ളങ്ങൾക്ക് പോലും കടന്നു പോകാനാകാത്ത അവസ്ഥയായി. 18 തൂണുകളും അടഞ്ഞു.
ഏറെ നാളത്തെ കാത്തിരിപ്പാണ്. ഉത്തരവ് വന്നതിൽ സന്തോഷം. എത്രയും വേഗം നടപ്പിലാകട്ടെ.
സന്തോഷ് ജേക്കബ്
പ്രതിനിധി
സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി(സ്വാസ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |