നെടുമ്പാശേരി: 200 കോടി രൂപ ചെലവഴിച്ച് നടപ്പാകുന്ന സിയാൽ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ കൊച്ചി രാജ്യാന്തര വിമാനത്താവളം സമ്പൂർണ ഡിജിറ്റൽവത്കരിക്കും. നിർമ്മിതബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂടെ വിമാനത്താവളം പൂർണമായും ഡിജിറ്റൈസ് ചെയ്യും.
യാത്രക്കാർക്ക് അതിവേഗം സുരക്ഷാ പ്രക്രിയ പൂർത്തിയാക്കാവുന്ന പദ്ധതി 19ന് വൈകിട്ട് അഞ്ചിന് സിയാൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സിയാൽ 2.0 പദ്ധതികൾ:
1. സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ (സി-ഡോക്)
സി-ഡോക് സെന്റർ പ്രവർത്തനസജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സംവിധാനങ്ങളുടെ സെർവറുകളും സൈബർ സുരക്ഷാ സാങ്കേതികവിദ്യയും തദ്ദേശീയമായി കൈകാര്യം ചെയ്യാം. സൈബർ ഭീഷണികളെ കണ്ടെത്തുകയും നിർവീര്യമാക്കാനുമാകും. വിദേശത്ത് നിന്നുമുണ്ടാകുന്ന വിവിധ ഓൺലൈൻ അക്രമങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാനാകും.
2. ഫുൾ ബോഡി സ്കാനറുകൾ
യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലും സുരക്ഷാ ഭടന്മാരുടെ ഇടപെടലുമില്ലാതെയും പൂർത്തിയാക്കാം. സുരക്ഷാ പരിശോധന സമയത്ത് ക്യാബിൻ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടോമേറ്റഡ് ട്രേ റിട്രീവൽ സിസ്റ്റം.
3. എ.ഐ അധിഷ്ഠിത നിരീക്ഷണം
ഓപ്പറേഷണൽ മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷ ശക്തമാക്കുന്നതിനായി നിർമിത ബുദ്ധി അടിസ്ഥാനമാക്കി 4,000 ക്യാമറകൾ സ്ഥാപിച്ചു. തത്സമയ നിരീക്ഷണം, വിശകലനം, അതിവേഗ ഇടപെടൽ എന്നിവ സാദ്ധ്യമാകും.
3. സ്മാർട്ട് സെക്യൂരിറ്റി
സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിനുള്ള ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സിസ്റ്റം ആധുനികവത്കരിക്കും. ലിക്വിഡ് എക്സ്പ്ലോസീവ് ഡിറ്റക്ടർ, ത്രെറ്റ് കണ്ടെയ്ൻമെന്റ് വെസൽ എന്നീ സംവിധാനങ്ങളുമുണ്ടാകും.
4. ആധുനികവത്കരണം
എയർപോർട്ട് ഓപ്പറേഷണൽ ഡാറ്റാബേസ്, ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം, ഫ്ളൈറ്റ് അനൗൺസ്മെന്റ് സിസ്റ്റം, കോമൺ യൂസ് പാസഞ്ചർ പ്രോസസിംഗ് സിസ്റ്റം, ഡാറ്റ സെന്റർ, നെറ്റ് വർക്ക് ഇൻഫ്രാസ്ട്രക്ച്ചർ എന്നിവ ആധുനികവത്കരിക്കും. എ.ഐ അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്ഫോം, ബാഗേജ് ട്രാക്കിംഗ്, ഫേഷ്യൽ ചെക്, പ്രീ പെയ്ഡ് ടാക്സി ബുക്കിംഗ് കിയോസ്ക്, ലോസ്റ്റ് ഐറ്റം ട്രാക്കർ, ഡിജി യാത്ര സംവിധാനം എന്നിവ ആധുനികവത്കരിക്കും.
ഏറോ ഡിജിറ്റൽ സമ്മിറ്റ്
സിയാൽ 2.0 യുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തുന്ന ഏറോ ഡിജിറ്റൽ സമിറ്റ് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെ സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും.
സമ്മിറ്റ് പ്രദർശനം
പുതിയ ഐ. ടി ഇൻഫ്രാ സ്ട്രക്ച്ചറുകളുടെ പ്രദർശനം
റോബോട്ടിക്സ് പ്രദർശനം
വേർച്വൽ റിയാലിറ്റി ഗെയിമിംഗ് എക്സ്പീരിയൻസ്
ഹാർട്ട് സ്റ്റെപ്പർ ആക്ടിവിറ്റി, ഓട്ടോമേറ്റഡ് ഇൻഡസ്ട്രിയൽ അസെംബ്ലി ലൈൻ
പാനൽ ചർച്ച. വിഷയം: ഫ്യൂച്ചർ ഒഫ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഇൻ എയർപോർട്ട്സ്.
വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുക്കുകയും യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുകയുമാണ് സിയാൽ 2.0 ലക്ഷ്യമിടുന്നത്. സിയാൽ വളർച്ചയുടെ പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയാണ്.
എസ്. സുഹാസ്
മാനേജിംഗ് ഡയറക്ടർ
സിയാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |