കൊച്ചി: എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം - മെഗാ പ്രദർശന വിപണന മേള' ഇന്ന് കൊച്ചി മറൈൻ ഡ്രൈവിൽ ആരംഭിക്കും. വൈകിട്ട് 4 ന് മന്ത്രി പി. രാജീവ് മേളയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. 23 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ വകുപ്പുകളുടെ 194 തീം-സർവീസ് സ്റ്റാളുകളും 82 കൊമേഴ്സ്യൽ സ്റ്റാളുകളും ഉൾപ്പെടെ ശീതീകരിച്ച 276-ൽ അധികം സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഏഴ് വകുപ്പുകൾക്കായി മിനി തിയേറ്റർ ഉൾപ്പെടെയുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. 57,000 ചതുരശ്ര അടിയിലാണ് പവലിയൻ തയ്യാറാക്കിയിരിക്കുന്നത്.
നിരവധി പരിപാടികൾ
'എന്റെ കേരളം' ചിത്രീകരണം, വിനോദസഞ്ചാര വകുപ്പിന്റെ ടൂറിസം കാഴ്ചകൾ, കിഫ്ബിയുടെ വികസന പ്രദർശനം, ടെക്നോ ഡെമോ ഏരിയ, ലൈവ് ആക്ടിവിറ്റി ഏരിയകൾ, പുസ്തകമേള, ഹൈ ഫൈ സ്റ്റേജ്, കുട്ടികൾക്കുള്ള ആക്ടിവിറ്റി സോണുകൾ, സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ, പോലീസ് ഡോഗ് ഷോ, എ.ഐ പ്രദർശനവും ക്ലാസ്,കർഷകരുടെ ഉത്പന്ന പ്രദർശനം, വ്യവസായ വകുപ്പ് സംരംഭകർക്കായി ഹെൽപ്പ് ലൈൻ സെന്റർ, കൈത്തറി-കരകൗശല പ്രദർശനം, ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രദർശനം എന്നിവ മേളയിൽ ഉൾപ്പെടുന്നു.
രാവിലെ 10 മുതൽ രാത്രി 9 വരെ പ്രദർശനം
പ്രവേശനം സൗജന്യം
പാർക്കിംഗ് സൗകര്യം ലഭ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |