കൊച്ചി: ഇത് ഫോർട്ട് കൊച്ചിയിലെ നാട്ടുനീതി, കഞ്ചാവ് എം.ഡി.എം.എ തുടങ്ങിയ ലഹരി വസ്തുക്കൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അടി ഉറപ്പ്, തടസം പിടിക്കാൻ ശ്രമിക്കുന്നവർക്കും കിട്ടും നല്ല പെട!
അതുകൊണ്ടും തീരില്ല. പൊലീസിൽ എൽപ്പിക്കും. തൊണ്ടി സഹിതം പിടിക്കപ്പെടുന്നവരുടെ ഫോട്ടോ എടുത്ത് ഫ്ലക്സ് ബോർഡിലും പ്രദർശിപ്പിക്കും.
ഫോർട്ടുകൊച്ചി മേഖലയിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് നാട്ടുകാർ കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സാരോപദേശങ്ങളും നല്ലവാക്കും പറഞ്ഞുള്ള ബോധവത്കരണത്തിന്റെ കാലം കഴിഞ്ഞു. ഇനി ഇത്തരം പേക്കൂത്തുകൾ കണ്ടുനിൽക്കാനാവില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം.
യുവതലമുറയെ വരിഞ്ഞുമുറുക്കുന്ന രാസലഹരിക്കെതിരെ സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ ഡി-ഹണ്ട് തകൃതിയായി നടക്കുമ്പോഴും ലഹരി ഉപയോഗം കുറയുന്നില്ലെന്നതാണ് വസ്തുത. ഒളിഞ്ഞും തെളിഞ്ഞുമുള്ള കൈമാറ്റവും വില്പനയും ഉപയോഗവുമെല്ലാം ശക്തമായി തുടരുകയാണ്. ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികൾ വന്നുപോകുന്ന ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയിൽ ലഹരിവ്യാപാരവും ഉപയോഗവും കൂടുതലാണെന്ന ദുഷ്പേര് പണ്ടേയുള്ളതാണ്. മട്ടാഞ്ചേരി പൊലീസ് ഇവിടെ ലഹരിവേട്ടയ്ക്ക് മാത്രമായി രണ്ട് ഉദ്യോഗസ്ഥരെ മഫ്തിയിൽ നിയോഗിച്ചിട്ടുമുണ്ട്. എന്നിട്ടും വിദ്യാർത്ഥികളുടെ വേഷത്തിലെത്തുന്നവർ ഉൾപ്പെടെ ലഹരി ഉപയോഗിക്കുകയും കൈമാറുകയും ചെയ്യുന്നത് കണ്ട് മടുത്തിട്ടാണ് ഫോർട്ടുകൊച്ചിയിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതെന്ന് പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത തദ്ദേശവാസി പറഞ്ഞു.
ഫോർട്ടുകൊച്ചിയിൽ മാത്രമല്ല, എറണാകുളം നഗരത്തിലെ ഡർബാർഹാൾ ഗ്രൗണ്ടും സ്റ്റേജിന്റെ പിൻഭാഗവും പകൽ മുഴുവൻ ലഹരി സംഘങ്ങളുടെ സുരക്ഷിത താവളമാണ്. ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ നിന്ന് 100മീറ്റർ പോലും അകലമില്ലെങ്കിലും ഡർബാർഹാൾ പരിസരത്തെ ലഹരിമൂലകൾ പൊലീസിന്റെയോ എക്സൈസ് വകുപ്പിന്റെയോ ശ്രദ്ധയിൽപ്പെട്ടിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |