കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള നഗരസഭകളായ തൃക്കാക്കരയും കളമശേരിയും കോടികളുടെ ക്രമക്കേടുകളുടെ കാര്യത്തിലും ഒറ്റക്കെട്ട്. കെട്ടിട- തൊഴിൽ നികുതി, വാടക, പെർമിറ്റ് ക്രമക്കേടുകൾ, അംഗീകാരമില്ലാത്ത പദ്ധതികൾ, കാണാതായ തുക, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയവയിൽ ഒപ്പത്തിനൊപ്പമാണ് ഇരുനഗരസഭകളും.
തൃക്കാക്കര നഗരസഭയുടെ വരുമാനത്തിൽ നിന്ന് അപ്രത്യക്ഷമായത് 7.50 കോടിയെങ്കിൽ കളമശേരിയിൽ അത് 2.03 കോടിയെന്നു മാത്രം. ഇത്രയും തുകയ്ക്കുള്ള ചെക്കുകൾ സ്വീകരിച്ചതിന് രണ്ടിടങ്ങളിലും ഓഡിറ്റ് വിഭാഗം തെളിവുകൾ കണ്ടെത്തി. പണം അക്കൗണ്ടുകളിൽ ക്രെഡിറ്റായില്ല. രണ്ടിടത്തുമായി 10 കോടിയോളം രൂപ (9,81,26,337) കാണാതായതെങ്ങനെയെന്ന് ആർക്കുമറിയില്ല. പണം എങ്ങോട്ട് പോയെന്നതിനെക്കുറിച്ച് ഇരു നഗരസഭകളും കാര്യമായ അന്വേഷണം നടത്തിയില്ലെന്നും അത്തരത്തിൽ ഒരു റിപ്പോർട്ടും നൽകിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കളമശേരി നഗരസഭയിലെ ക്രമക്കേടുകൾ കേരളകൗമുദി പുറത്ത് കൊണ്ടു വന്നതിനു പിന്നാലെ സംസ്ഥാന സർക്കാർ ഇരു നഗരസഭകളിലെയും ഓഡിറ്റ് റിപ്പോർട്ടുകളിലെ കണ്ടെത്തലിന്മേൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരു നഗരസഭകളിലും കോടികളുടെ ക്രമക്കേട്
@ തൃക്കാക്കര
ചെക്കുകളിൽ ക്രമക്കേട്. കാണാതായത് 7.50 കോടി
മാലിന്യ സംസ്‌കരണ പദ്ധതിക്ക് കൃത്യമായ രേഖയില്ല. ചെലവഴിച്ച 81.38 ലക്ഷം ഓഡിറ്റ് വിഭാഗം തടഞ്ഞു
വാടക കുടിശിക കൂട്ടി. രജിസ്റ്ററില്ല
കെട്ടിടങ്ങൾക്ക് പഴയ നിരക്കിൽ നികുതി
തൊഴിൽ നികുതിക്ക് കൃത്യമായ രജിസ്റ്ററില്ല
ബയോ കമ്പോസ്റ്റർ വിതരണത്തിൽ ക്രമക്കേട്. ഓഡിറ്റ് വിഭാഗം തടഞ്ഞത് 35 ലക്ഷം
@ കളമശേരി
ചെക്കുകളിൽ ക്രമക്കേട്. കാണാതായത് 2.30 കോടി
മാലിന്യ സംസ്‌കരണത്തിന് ബയോ ബിന്നുകൾ വാങ്ങിയതിൽ 1,51,920 രൂപയുടെ ക്രമക്കേട്
89കെട്ടിടങ്ങളിൽ 58എണ്ണം വാടകയ്ക്ക് നൽകി. 15 എണ്ണത്തിന് കരാർ പോലുമില്ല. വാടക കുടിശിക 18,55,467 രൂപ
സ്വകാര്യ കെട്ടിടങ്ങളുടെ ഉപയോഗ ക്രമം തെറ്റായി രേഖപ്പെടുത്തി. നഷ്ടം കോടികൾ
ജീവനക്കാരുടെ തൊഴിൽ നികുതി അടയ്ക്കുന്നതിൽ വീഴ്ച. നഷ്ടം 1,40,050രൂപ.
കൃത്യമായ വൗച്ചറുകളോ രേഖകളോ ഇല്ലാതെ വിനിയോഗിച്ചത് 3.19കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |