കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ രഹസ്യങ്ങൾ മറൈൻ ഡ്രൈവിലിരുന്നു കാണാം. എന്റെ കേരളം പ്രദർശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാളിൽ വെർച്വൽ റിയാലിറ്റി (വി.ആർ) സാങ്കേതികവിദ്യയുടെ സഹായത്തോടെ
ഇടുക്കി ആർച്ച് ഡാമും ചെറുതോണി, കുളമാവ് അണക്കെട്ടുകളും ചേരുന്ന എൻജിനീയറിംഗ് അത്ഭുതത്തെ ഏറ്റവും അടുത്തറിയാം. നാല് മിനിറ്റ് നീളുന്ന വി.ആർ വീഡിയോയിൽ അണക്കെട്ടുകളുടെ പലവിധ കാഴ്ചകൾ, വൃഷ്ടി പ്രദേശം, മൂലമറ്റത്തെ പവർഹൗസ്, അണക്കെട്ടിലൂടെ ഒരു ബോട്ട് യാത്ര എന്നിവ അനുഭവിക്കാം.
അക്ഷയ സേവനം സൗജന്യം
കുട്ടികൾക്ക് ആധാർ കാർഡ് എടുക്കൽ, അഞ്ചും 15 ഉം വയസുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ, കാർഡിലെ തെറ്റ് തിരുത്തൽ, റേഷൻ കാർഡിൻ പേര് ചേർക്കൽ തുടങ്ങിയവ തീർത്തും സൗജന്യമാണ്. എഐ-പവർഡ് ലീഗൽ ചാറ്റ്ബോട്ട്, എ.എൻ.പി.ആർ സ്മാർട്ട് ക്യാമറകൾ, യഥി എന്ന പേരിൽ റേസിംഗ് കാറുകളുടെ അഡ്വാൻസ്ഡ് ബ്രേക്ക് സിസ്റ്റം, ആപ്ലിക്കേഷന്റെ സഹായത്തോടെ കൃഷിക്ക് ഉപകാരപ്രദമായ വിവരങ്ങൾ ലഭ്യമാകുന്ന ബഹുമൂദ് തുടങ്ങി സംവിധാനങ്ങളും ഇവിടെയുണ്ട്.
അക്ഷയ കേന്ദ്രം തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങൾ, അതിനുള്ള പരീക്ഷ എങ്ങനെ എഴുതാം, മറ്റ് നിരവധി ഓൺലൈൻ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. കെ- സ്മാർട്ട്, ഇ-ഡിസ്ട്രിക്ട് സേവനങ്ങളും ലഭിക്കും. രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ സാധിക്കുന്ന ഡിജിലോക്കർ സംവിധാനവും പ്രയോജനപ്പെടുത്താം.
ബർമ പാലത്തിൽ കയറാം
ഫയർ ഫോഴ്സിന്റെ സ്റ്റാളിലെ ബർമ പാലം ജനങ്ങളെ ആകർഷിക്കുന്നു. ഒറ്റപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ നിർമ്മിക്കുന്ന താല്‍ക്കാലിക പാലമാണിത്. സി.പി.ആർ, ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയോ, കുട്ടികൾ എന്തെങ്കിലും വിഴുങ്ങുകയോ ചെയ്താൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ പരിശീലനവും ഉദ്യോഗസ്ഥർ നൽകും.
അഴകിന്റെ ഊടും പാവും കരവിരുതിൽ കൈത്തറി
എങ്ങനെയാണ് വസ്ത്രം നെയ്തെടുക്കുന്നത് എന്ന് മനസിലാക്കണോ... മറൈൻ ഡ്രൈവിലെ പ്രദർശനമേളയിൽ പ്രശസ്തമായ ചേന്ദമംഗലം കൈത്തറി ഗ്രാമത്തിലെ നെയ്ത്തുകാർ തറികളുമായി കാത്തിരിക്കുന്നു. 20% റിബേറ്റോടെ വില്പനയുമുണ്ട്. ചേന്ദമംഗലം കൈത്തറിയുടെ പറവൂർ യൂണിറ്റിൽ നിന്നും 150 ലേറെ തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ചേർന്ന് നെയ്തെടുത്ത സെറ്റുമുണ്ടുകൾ, സാരികൾ, ടവ്വലുകൾ, ഷാളുകൾ തുടങ്ങിയവ വില്പനയ്ക്കുണ്ട്.
എക്‌സ്പ്രസ് മാർട്ടുമായി സപ്ലൈകോ
എന്റെ കേരളം പ്രദർശനവിപണന മേളയിൽ സപ്ലൈകോ എക്‌സ്പ്രസ് മാർട്ട് തുറന്നു. വിദ്യാർത്ഥികൾക്കായി ബാഗുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവ 50% വരെ വിലക്കുറവിൽ ലഭിക്കും. രാവിലെ 10 മുതൽ രാത്രി 9 വരെ യാണ് പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |