കൊച്ചി: തുടർച്ചയായ രണ്ടാം വട്ടവും പ്ലസ് ടു പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതെത്തി ജില്ല. 83.09 ശതമാനം വിജയത്തോടെയാണ് മുന്നേറ്റം. അതേസമയം കഴിഞ്ഞ തവണത്തേതിൽ നിന്ന് (84.12%) വിജയശതമാനം കുറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ കണക്കിൽ എറണാകുളത്തിനൊപ്പം 80 ശതമാനത്തിനു മുകളിലെത്തിയത് ഇടുക്കിയും (83%) തൃശൂരും (82.39%) കണ്ണൂരും (80.22%) മാത്രം.
ജില്ലയിലെ 193 സ്‌കൂളുകളിൽ നിന്നായി രജിസ്റ്റർ ചെയ്ത 30,992 കുട്ടികളിൽ 30,846 കുട്ടികളാണ് പരീക്ഷയെഴുതിയത്. 25,629 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയത് 2,626 പേർ. കഴിഞ്ഞ തവണ 3,689 പേർക്കായിരുന്നു മുഴുവൻ എ പ്ലസ്.
വി.എച്ച്.എസ്.ഇ 70.33 ശതമാനം
കഴിഞ്ഞ വർഷം 71.23 ശതമാനം വിജയം നേടിയ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഇത്തവണ വിജയം 70.33 ആയി. 2,127 പേർ പരീക്ഷയെഴുതിയതിൽ 1,496 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 2,228 പേർ പരീക്ഷ എഴുതിയതിൽ 1,587 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. 59 പേർ പരീക്ഷയെഴുതിയതിൽ 57 പേരു വിജയിച്ച് 96.61 ശതമാനം നേടിയ നേര്യമംഗലം ഗവ. വി.എച്ച്.എസ്.എസ്, 81 ൽ 78 പേരു വിജയിച്ച ഡി.യു വി.എച്ച്.എസ്.എസ് പുല്ലപ്പടി 96.30ശതമാനത്തോടെ രണ്ടാമതും 63ൽ 60 വിജയിച്ച് 95.24 ശതമാനം നേടിയ ഇരിങ്ങോൾ ഗവ. വി.എച്ച്.എസ്.എസുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ടെക്. സ്‌കൂൾ 70.65 ശതമാനം
ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ കഴിഞ്ഞ വർഷം 76 ആയിരുന്ന വിജയ ശതമാനം ഇത്തവണ 70.65 ശതമാനത്തിലേക്ക് താഴ്ന്നു. രജിസ്റ്റർ ചെയ്ത 445ൽ 443 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 313 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേതിനു സമാനമായി 34 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് എറണാകുളത്ത് നിന്നാണെങ്കിലും 90.65 ശതമാനത്തോടെ
പത്തനംതിട്ടയാണ് വിജയ ശതമാനത്തിൽ മുന്നിൽ. 89.29 ശതമാനം വിജയമുള്ള തിരുവനന്തപുരമാണ് ടെക്‌നിക്കൽ സ്‌കൂളുകളിൽ രണ്ടാം സ്ഥാനത്ത്.
ഓപ്പൺ സ്‌കൂൾ 60.81 ശതമാനം
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ ഇത്തവണ വിജയ ശതമാനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ തവണ 57 ശതമാനമായിരുന്നത് ഇത്തവണ 60.81 ശതമാനമായി. രജിസ്റ്റർ ചെയ്ത 898ൽ 888 പേർ പരീക്ഷയെഴുതി. 540 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 11 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 23 പേർക്കായിരുന്നു മുഴുവൻ എ പ്ലസ്.
100 മേനി നേട്ടത്തിൽ ആറ് സ്കൂളുകൾ
സ്വന്തം ലേഖകൻ
കൊച്ചി: ജില്ലയിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ തവണ ഒരു സ്പെഷ്യൽ സ്‌കൂൾ ഉൾപ്പെടെ എട്ട് സ്കൂളുകൾക്ക് 100 ശതമാനം ലഭിച്ചത് ഇത്തവണ ഒരു സ്പെഷ്യൽ സ്‌കൂൾ ഉൾപ്പെടെ ആറിലേക്ക് താഴ്ന്നു. കഴിഞ്ഞ തവണ 100മേനി നേടിയതിൽ സെന്റ് ക്ലെയർ ഓറൽ സ്‌കൂൾ ഫോർ ദി ഡെഫ് മാത്രമാണ് നേട്ടം ആവർത്തിച്ചത്. പരീക്ഷയെഴുതിയ 178 പേരെയും വിജയിപ്പിച്ച സെന്റ്. സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് പള്ളുരുത്തിയാണ് നൂറുമേനിക്കാരിലെ സ്റ്റാർ.
100മേനി നേടിയ മറ്റ് സ്കൂളുകൾ
സെന്റ്. സെബാസ്റ്റ്യൻ എച്ച്.എസ്.എസ് പള്ളുരുത്തി
രാജഗിരി എച്ച്.എസ്.എസ് കളമശേരി
മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ കീഴ്മാട്
സെന്റ്. ജോസഫ്സ് എച്ച്.എസ്.എസ് ചെങ്കൽ
മാർ അഗസ്റ്റിൻസ് എച്ച്.എസ്.എസ് തുറവൂർ
ദേവികയും ദീപികയും താരങ്ങൾ
ജില്ലയിൽ രണ്ടു പേർക്കാണ് ഇത്തവണ മുഴുവൻ മാർക്കും നേടിയത്. കോട്ടപ്പടി മാർ ഏലിയാസ് എച്ച്.എസ്.എസിലെ ദീപിക മത്തായിയും എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസിലെ ദേവിക ശ്രീജിത്തുമാണ് 1200ൽ 1200ഉം നേടി താരങ്ങളായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |