കൊച്ചി: വെള്ളാരംകല്ലിന്റെ പൊടിയും ചിരട്ടക്കരിയും മേമ്പൊടിക്ക് കുപ്പിച്ചില്ലുടച്ചതും പശയിൽ കുഴച്ച മിശ്രിതമാണ് വേണുഗോപാലിന്റെ മാദ്ധ്യമം. ഈർക്കിലിൽ തൊട്ടെടുത്തും കൊലശേരു കൊണ്ട് ചെത്തി മിനുക്കിയും അതിൽ തീർക്കുന്നത് മനോഹര ശില്പങ്ങൾ.
വാസ്തു വിദഗ്ദ്ധനായ ഇടപ്പള്ളി ആശാരിപ്പറമ്പിൽ എ.യു. വേണുഗോപാൽ (68) ചെറുപ്പം മുതലേ വരയ്‌ക്കുമായിരുന്നു. പതിനഞ്ചു വർഷം മുമ്പാണ് ചുവർശില്പ കലയിലേക്ക് തിരിഞ്ഞത്. വ്യത്യസ്തത വേണമെന്ന തോന്നലിൽ റോക്പേസ്റ്റ് മാദ്ധ്യമമാക്കി. വേറിട്ട കൂട്ടിൽ വേണുഗോപാൽ ഇതിനോടകം 200 ചുവർശില്പങ്ങൾ ചെയ്തു. ക്വാറികളിലും മറ്റും അന്വേഷിച്ചാണ് യോജിച്ച പാറ സംഘടിപ്പിക്കുന്നത്. കുഴച്ചെടുക്കാൻ അരാൾഡൈറ്റ് ഉപയോഗിക്കും. ഇരുമ്പു ഫ്രെയിമിൽ ഉറപ്പിച്ച അലൂമിനിയം പാനലിൽ അല്പാല്പം ഒട്ടിച്ചുചേർത്താണ് ശില്പങ്ങൾ ഒരുക്കുക. അരദിവസം മുതൽ ഒരു മാസംവരെ വേണ്ടിവരും. 100 കിലോ ഭാരമുള്ള ഗണപതിയും 60 കിലോയുടെ നന്ദികേശനും ശേഖരത്തിലുണ്ട്. റോക്പേസ്റ്രിൽ വിശ്വകർമ്മാവിന്റെ രേഖാചിത്രവും ആറടി ഉയരമുള്ള സർദാർ പട്ടേൽ സ്കെച്ചും ഒരുക്കിയിട്ടുണ്ട്.
എറണാകുളം ഡർബാർ ഹാൾ ആർട് ഗ്യാലറിയിലടക്കം വേണുഗോപാൽ അഞ്ചിലധികം പ്രദർശനങ്ങൾ നടത്തി. ഗുരുവായൂരിനടുത്ത് എളവള്ളിക്കാവിലേക്ക് പരമശിവന്റെ ചുടലനൃത്തശില്പം സമർപ്പിച്ചത് ചാരിതാർത്ഥ്യമായി. എഴുത്തുകാരൻ കൂടിയാണ് വേണുഗോപാൽ. 'വാതായനം" എന്ന നോവലും കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ഭാര്യ: പരേതയായ ശശികല.
ചെലവ് 75,000 വരെ
ശില്പങ്ങൾക്ക് കുറഞ്ഞത് 25,000 രൂപ മുടക്കുണ്ട്. ഗണപതി, നന്ദികേശ ശില്പങ്ങൾക്ക് 75,000 ചെലവായി. ഇവയുടെ വില്പപനവില ഒരു ലക്ഷമാണ്.
''ശില്പങ്ങൾ വെയിലത്തും മഴയത്തും വയ്ക്കാം. കരിങ്കല്ലിനുണ്ടാകുന്ന സ്വാഭാവിക പരിണാമങ്ങളേ ഉണ്ടാകൂ''
- എ.യു. വേണുഗോപാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |