വൈപ്പിൻ: ചൈനീസ് തായ്‌പേയിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ, കേരളത്തിൽ നിന്ന് എറണാകുളം നായരമ്പലം സ്വദേശി സൈനയ്ക്ക് ചരിത്രനേട്ടം. 78 കിലോ വിഭാഗത്തിൽ, 55 വയസിനു മുകളിലുള്ളവരുടെ ജൂഡോ മത്സരത്തിൽ സൈന സ്വർണ മെഡൽ കരസ്ഥമാക്കി. ഇതോടെ ജൂഡോ ഗെയിംസിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിത, ആദ്യ സ്വർണ്ണ ജേതാവ് എന്നീ ഇരട്ട നേട്ടങ്ങൾ സൈനയ്ക്ക് സ്വന്തം.
17 മുതൽ 30 വരെ നടക്കുന്ന മത്സരത്തിൽ 107 രാജ്യങ്ങൾ നിന്നുള്ള മത്സരാർത്ഥികളുണ്ട്. 13-ാം വയസിൽ കായിക പരിശീലനം ആരംഭിച്ച സൈന, അത്‌ലറ്റിക്സിൽ സംസ്ഥാന വിജയിയും കബഡിയിൽ ദേശീയ മത്സരത്തിൽ പങ്കെടുത്ത വ്യക്തിയുമാണ്. 1988-ൽ ജൂഡോ പരിശീലനം ആരംഭിച്ച സൈന, തുടർച്ചയായി 9 വർഷം കേരളത്തിന്റെ ഗോൾഡ് മെഡൽ ജേതാവായി. കൂടാതെ, 7 തവണ ദേശീയ ജൂഡോ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
1998 മുതൽ എറണാകുളം സെന്റ് തെരേസാസ് ഹൈസ്കൂളിലെ കായിക അദ്ധ്യാപികയായി ജോലി ലഭിച്ചതുമുതൽ നിരവധി ദേശീയ കായിക താരങ്ങളെ പരിശീലിപ്പിക്കാനായി.
സൈനയുടെ മക്കളായ സാനുവൽ, ഡാനിയേൽ, എയ്ഞ്ചൽ എന്നിവരും ദേശീയ മെഡൽ ജേതാക്കളാണ്. 2024-ൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഒരു വർഷമായി സ്വന്തം അക്കാഡമിയിൽ ലോക ചാമ്പ്യൻഷിപ്പിനായുള്ള പരിശീലനത്തിലായിരുന്നു. കഴിഞ്ഞ വർഷം ദേശീയ ജൂഡോ മാസ്റ്റേഴ്സ് മത്സരത്തിൽ സ്വർണ മെഡലും, ദേശീയ സീനിയർ കസാഖ് കുറേഷ് മത്സരത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയിരുന്നു. കേരളത്തിലെ ജൂഡോ പ്രൊമോഷൻ കൗൺസിലിന്റെ കോച്ചായ ആന്റി ടി.ജെ.യാണ് ഇന്ത്യൻ ജൂഡോ ടീമിനെ നിയന്ത്രിക്കുന്നത്. അറയ്ക്കൽ ഷാജന്റെ ഭാര്യയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |