അങ്കമാലി: തീവ്രവാദത്തിനെതിരെ ജനവികാരം ഉണർത്താനായി തെരുവിൽ കലാവിരുന്നൊരുക്കി ഒരു കൂട്ടം നർത്തകിമാർ. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ അവതരിപ്പിച്ച നൃത്താവിഷ്‌കാരം കണ്ട് നിന്നവരിൽ രാജ്യസ്നേഹം ഉണർത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നായത്തോട് ശിവതരംഗ് നൃത്തകലാ ക്ഷേത്രയാണ് നായത്തോട് സ്‌കൂൾ കവലയിൽ 'ഓപ്പറേഷൻ സിന്ദൂർ' എന്ന നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്. തുറന്ന വേദിയിൽ നൂറു കണക്കിന് കാണികളുടെ സാന്നിദ്ധ്യത്തിലാണ് പരിപാടി അരങ്ങേറിയത്.
കലാമണ്ഡലം ശിശിര സംവിധാനം ചെയ്ത പരിപാടിയിൽ 5 മുതൽ 40 വയസ് വരെയുള്ള 25 നർത്തകിമാർ അണിനിരന്നു. അഞ്ജലി രാജൻ, ഗോപിക ജയൻ, ബിൽഹ ബൈജു, സൗപർണിക സുരേഷ് , വിനിത സജീവ്, ലിൻഡ ഡാർവിൻ എന്നിവർ നയിച്ചു. നായത്തോട് നവയുഗ കലാസമിതി മന്ദിരത്തിലാണ് ശിവതരംഗ് കലാക്ഷേത്ര നൃത്ത ക്ലാസുകൾ നടത്തുന്നത്. കലാക്ഷേത്ര ഒരുക്കിയ ഒരാഴ്ച നീണ്ടു നിന്ന അഭിനയം ഉൾപ്പെടെയുള്ള പരിശീലനക്കളരിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഏതെങ്കിലും ഹാളിൽ നടത്താതെ തെരുവോരത്ത് തന്നെ പരിപാടി ഒരുക്കിയത് ഈ സന്ദേശം സാധാരണക്കാരിൽ ആഴത്തിൽ പതിയാനാണ്. തുടർന്നും തെരുവുകളിൽ ഇത്തരം സന്ദേശ നൃത്താവിഷ്‌കാരങ്ങൾ അവതരിപ്പിക്കും.
കലാമണ്ഡലം ശിശിര ശിവപ്രസാദ്
സാരഥി
ശിവതരംഗ് നൃത്തകലാ ക്ഷേത്ര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |