കൊച്ചി: ഇലക്ട്രിസിറ്റി ബോർഡിലെ വർക്കർ തസ്തികയിൽ ഒഴിഞ്ഞു കിടക്കുന്ന ആറായിരത്തിലേറെ ഒഴിവുകൾ ഉടനെങ്ങും നികത്താനാകില്ല. ബോർഡിലെ വർക്കർമാരുടെയും സൂപ്പർവൈസർമാരുടെയുമെല്ലാം നിയമനങ്ങൾക്ക് യോഗ്യത പുന:ക്രമീകരിച്ച സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (സി.ഇ.എ) റൂളാണ് വെല്ലുവിളി. ഇതുപ്രകാരം വർക്കർ തസ്തികയ്‌ക്ക് ഐ.ടി.ഐ യോഗ്യത നിർബന്ധമാക്കി. സൂപ്പർവൈസറി വിഭാഗങ്ങളിൽ തസ്തികയനുസരിച്ച് ഡിപ്ലോമയോ ബി.ടെക്കോ വേണം. ഇതോടെ പ്രമോഷനും മുടങ്ങിയിരുന്നു. കേസുകൾ വന്നതും വെല്ലുവിളിയായി. 1,843ലേറെ ഇലക്ട്രിസിറ്റി വർക്കർമാർക്കു കൂടി സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് ഒഴിവ് 6,000 കടന്നത്. നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്തെ പ്രമോഷൻ നീട്ടിവച്ചിരുന്നു. ഇത് കൂടി വരുന്നതോടെ വർക്കർ തസ്തികയിലെ ഒഴിവ് 6,500ലെത്തും.
ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നിലവിലെ അവസ്ഥയിൽ സ്‌പെഷ്യൽ റൂൾ അനിവാര്യമാണ്. ഇലക്ട്രിസിറ്റി ബോർഡ് 2013ൽ കമ്പനി ആയെങ്കിലും കമ്പനി റൂൾ ഇതുവരെ പാസായിട്ടില്ല. ഡ്രാഫ്റ്റ് അംഗീകരിച്ചിരുന്നു. ഇനിയതിൽ സ്‌കെയിൽ ഒഫ് പേ ഉൾപ്പെടെ കൂട്ടിച്ചേർത്ത് നിയമമാക്കി വന്നാൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമാകൂ. പി.എസ്.സിക്ക് വർക്കർ തസ്തികയിലേക്ക് വിജ്ഞാപനമിറക്കാനും ഒന്നര വർഷം കാലതാമസമെടുക്കും.
താത്കാലിക നിയമനത്തിനും വെല്ലുവിളി
വർക്കർ തസ്തികയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് താത്കാലിക നിയമനം നടത്താനാണ് ബോർഡ് നീക്കം. യൂണിയനുകളുടെ സമ്മർദ്ദത്തിനു പിന്നാലെ ഉത്തരവ് പുറത്തിറങ്ങി.
പി.എസ്.സിയുടെ മാനദണ്ഡങ്ങൾ പ്രകാരമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമങ്ങൾ നടത്തുന്നത്. സി.ഇ.എയിലെ യോഗ്യതാ മാനദണ്ഡം ഇവിടെയും ബാധകമാകും. ഇത് ബോർഡിന് പരിഹരിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വർക്കർ തസ്തികയിലെ സ്ഥിരനിയമനങ്ങളുടെ അഭാവം മറ്റ് ഫീൽഡ് ജീവനക്കാരുടെ കുറവിനും കാരണമായിട്ടുണ്ട്. കരാർ നിയമനങ്ങൾക്ക് പുറമേ പുറം കരാർ ജോലികളും നൽകിയാണ് ഇതിന് താത്കാലിക പരിഹാരം കാണുന്നത്. 2019ൽ തയ്യാറാക്കിയ പെറ്റി കരാറുകാരുടെ പട്ടികയിൽ നിന്ന് വർക്കർ തസ്തികയിലേക്ക് കുറച്ചുപേരെ നിയമിക്കുകയും ചെയ്തിരുന്നു.
വർക്കർ തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തെ സ്വാഗതം ചെയ്യുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനത്തിന് മറ്റ് വെല്ലുവിളികൾ ഉണ്ടാകരുത്.
പ്രദീപ് ശ്രീധരൻ
സംസ്ഥാന ജനറൽ സെക്രട്ടറി
കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |