കൊച്ചി: കപ്പൽശാലയ്ക്ക് മുന്നിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഡിവൈഡറും വൈദ്യുതി പോസ്റ്റും തകർത്തു. ഇന്നലെ പുലർച്ചെ 3.30ന് കൊച്ചി കപ്പൽശാലയുടെ മുഖ്യപ്രവേശന കവാടത്തിന് മുന്നിലായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ് തോപ്പുംപടി വഴി എറണാകുളം കെ.എസ്.ആർ.സി ഡിപ്പോയിലേക്ക് വരുകയായിരുന്നു. കപ്പൽശാലയ്ക്ക് മുന്നിൽ ഡിവൈഡറിൽ ഇരുവശത്തേക്കും പോകാൻ ഒഴിച്ചിട്ട ഭാഗത്തേക്കാണ് ബസ് പാഞ്ഞുകയറിയത്. തുടർന്ന് ഡിവൈഡറിലും പോസ്റ്റിലുമായി ഇടിച്ചു നിന്നു. യാത്രക്കാർക്ക് പരിക്കില്ല. നെറ്റിക്ക് പരിക്കേറ്റ ഡ്രൈവർക്ക് ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. ബസിന്റെ മുൻ ചില്ലുകൾ തകർന്നിട്ടുണ്ട്. അപകടമറിഞ്ഞ് ക്ലബ്ബ്റോഡ് ഫയർഫോഴ്സും സൗത്ത്പൊലീസും സ്ഥലത്തെത്തി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ബസ് ഇവിടെ നിന്ന് മാറ്റിയത്. ബസ് മാറ്റിയതിനെ തുടർന്ന് റോഡിലേക്ക് ചരിഞ്ഞ ഇലക്ട്രിക്ക് പോസ്റ്റ് കെ.എസ്.ഇ.ബി അധികൃതരെത്തി മുറിച്ചുമാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |