കൊച്ചി: വർഷങ്ങളായി സീറോ മലബാർ സഭയെ പ്രതിസന്ധിയിലാക്കിയ കുർബാനത്തർക്കം താത്കാലികമായി പരിഹരിക്കാൻ വഴിയൊരുങ്ങിയെങ്കിലും, സമാധാനം പൂർണമായി സ്ഥാപിക്കാൻ ഇനിയും കടമ്പകളേറെ. ധാരണകൾ പൂർണമായി സ്വീകരിക്കാൻ വൈദികരും വിശ്വാസികളും ഇനിയും തയ്യാറായിട്ടില്ലെന്നതാണ് പ്രധാന വെല്ലുവിളി. സിനഡിനെയും വത്തിക്കാനെയും വഞ്ചിച്ച തീരുമാനമാണിതെന്ന് സഭയെ അനുകൂലിക്കുന്ന വിശ്വാസികൾ ആരോപിക്കുന്നത് പുതിയ തലവേദനയാകും.
ദുക്രാന തിരുനാൾ ദിനമായ ജൂലായ് 3 മുതൽ പുതിയ കുർബാന സംവിധാനം നടപ്പാക്കുമെന്നാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും അതിരൂപതാ വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്‌ലാനിയും സർക്കുലറിൽ പറയുന്നത്. ഒരു ഏകീകൃത കുർബാന അർപ്പിക്കാൻ വൈദികർ തയ്യാറായതും ജനാഭിമുഖ കുർബാന തുടരാൻ സഭ അനുമതി നൽകിയതുമാണ് ധാരണയുടെ കാതൽ.
മാർഗരേഖ പറയുന്നു
1. ഏകീകൃത കുർബാന സഭയിലാകമാനം മാറ്റമില്ലാതെ തുടരും
2. എറണാകുളം അതിരൂപതയിൽ മാത്രം ഞായറാഴ്ചയും വിശേഷദിവസങ്ങളിലും ഒരു ഏകീകൃത കുർബാന അർപ്പിക്കണം
3. ഒരു ഏകീകൃതം അർപ്പിക്കുന്ന ദേവാലയങ്ങളിൽ ജനാഭിമുഖ കുർബാന അർപ്പിക്കാം
4. മേജർ ആർച്ച് ബിഷപ്പും രൂപതാ ബിഷപ്പും സന്ദർശിക്കുമ്പോൾ ഏകീകൃത കുർബാന അർപ്പിക്കണം
5. നവാഭിഷിക്തരായ വൈദികർക്കും ജനാഭിമുഖ കുർബാന അർപ്പിക്കാം
6. ഏകീകൃതകുർബാന മാത്രം അർപ്പിക്കുന്ന പള്ളികളിൽ സ്ഥിതി തുടരും
സിനഡ് വിരുദ്ധം
മാർഗരേഖ സിനഡിന് വിരുദ്ധവും മാർപ്പാപ്പയുടെ സർക്കുലർ ലംഘനവുമായതിനാൽ അംഗീകരിക്കില്ലെന്ന് സഭാ അനുകൂലികളായ വൺ ചർച്ച് വൺ കുർബാന മൂവ്‌മെന്റ് അറിയിച്ചു. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, ജോസഫ് പാംപ്ളാനി എവരുടെ രാജി ആവശ്യപ്പെട്ട് വത്തിക്കാന് കത്ത് നൽകുമെന്ന് അഡ്വ. മത്തായി മുതിരേന്തി അറിയിച്ചു
അംഗീകരിക്കുന്നു
സഭ മുഴുവനും ജനാഭിമുഖ കുർബാന അംഗീകരിക്കുക മാത്രമാണ് ശാശ്വത പരിഹാരമെന്ന് വൈദിക സമിതി പറഞ്ഞു. മാർഗരേഖയെ സ്വാഗതം ചെയ്യുന്നു. സമാധാനവും ഐക്യവും പുലരാൻ മാർഗരേഖ ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമിതി ഫാ. കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
ചർച്ച വേണം
മാർഗരേഖയിലെ നിർദ്ദേശങ്ങളോട് സഹകരിക്കുമെന്ന് അൽമായ മുന്നേറ്റം അറിയിച്ചു. പ്രായോഗികമായ ബുദ്ധിമുട്ടുകൾ ചർച്ചകളിലൂടെ പരിഹരിക്കാൻ സഭാ നേതൃത്വം തയ്യാറാവണമെന്ന് മുന്നേറ്റം പ്രസിഡന്റ് ഷൈജു ആന്റണി, സെക്രട്ടറി പി.പി ജെറാർദ് എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |