കൊച്ചി: മോഡലായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ കോടതിയിൽ കീഴടങ്ങിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ സ്ത്രീകളെ വശീകരിച്ച് സ്വകാര്യദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുന്ന തൃശൂർ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന പി.എസ്. പ്രശോബിനെയാണ് (36) എറണാകുളം അഡിഷണൽ സി.ജെ.എം കോടതി നോർത്ത് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്.
സിനിമാരംഗത്ത് പ്രവർത്തിക്കുന്ന യുവതി നൽകിയ പരാതിയിൽ പ്രശോബിനെ പ്രതിയാക്കി നോർത്ത് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിലായിരുന്ന ഇയാൾ ഇന്നലെ രാവിലെ അഭിഭാഷകൻ മുഖേനെയാണ് എറണാകുളം അഡിഷണൽ ചീഫ്ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ജാമ്യാപേക്ഷ തള്ളിയ കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് നോർത്ത് പൊലീസിനെ വിളിച്ചുവരുത്തി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലും വിട്ടു.
സ്വകാര്യദൃശ്യങ്ങൾ പലർക്കും അയച്ചുകൊടുത്തതറിഞ്ഞാണ് യുവതി നോർത്ത് പൊലീസിൽ പരാതിപ്പെട്ടത്. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനവും ദൃശ്യങ്ങൾ പകർത്തിയതും. ഐ.ടി ആക്റ്റ് ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ജനുവരിയിൽ കാസർകോട് പൊലീസ് ഷോബിയെ അറസ്റ്റ് ചെയ്തിരുന്നു. മോഡലിംഗ്, പരസ്യചിത്രങ്ങളിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് ഇയാൾ യുവതികളെ പ്രലോഭിപ്പിക്കുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി സ്വകാര്യചിത്രങ്ങൾ പകർത്തുകയും തുടർന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് പതിവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |