സുൽത്താൻബത്തേരി: ശാന്തിനഗർ ഹൗസിംഗ് കോളനിയിൽ ആളില്ലാത്ത വീടിന്റെ മുൻവാതിൽ കത്തിച്ച് അകത്തുകയറി മോഷണശ്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. നെന്മേനി മാടക്കര പൊന്നംകൊല്ലി പനക്കൽ വീട്ടിൽ രതീഷി (42)നെയാണ് ബത്തേരി പൊലീസ് വടുവൻചാലിൽ നിന്ന് അറസ്റ്റുചെയ്തത്. ബത്തേരി കോട്ടക്കുന്ന് ശാന്തിനഗറിൽ ബി.ജെ.പി നേതാവ് പി.സി. മോഹനൻ മാസ്റ്ററുടെ വീട്ടിലാണ് കഴിഞ്ഞദിവസം പുലർച്ചെ മോഷണശ്രമമുണ്ടായത്. വാതിൽ കത്തിച്ച ശേഷം അകത്തുകടക്കുകയായിരുന്നു. വീടിനകത്തുണ്ടായിരുന്ന ടെലിവിഷൻ പുറത്തുകൊണ്ടുവന്ന് വെച്ച നിലയിലാണ് കണ്ടെത്തിയത്. ശബ്ദം കേട്ട് ഹൗസിംഗ് കോളനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മറ്റുള്ളവരെ വിളിച്ച് എത്തിയപ്പോഴേക്കും പ്രതി മതിൽചാടി രക്ഷപ്പെടുകയായിരുന്നു. തലേന്ന് ഇയാളെ പ്രദേശത്ത് കാണുകയും ഇരുമ്പ് പൈപ്പും കമ്പികളും ഇവിടെ നിന്ന് കൊണ്ടു പോകാൻ നടത്തിയ ശ്രമം പ്രദേശവാസികൾ തടഞ്ഞു. തുടർന്ന് ഇവിടെ നിന്ന് പോയ ഇയാൾ തന്നെയായിരിക്കാം വീട്ടിൽ മോഷണം നടത്തിയതെന്ന പ്രദേശവാസികളുടെയും സെക്യൂരിറ്റി ജീവനക്കാരന്റെയും സംശയത്തിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. ഈ മാസം അഞ്ചിന് ഫെയർലാന്റിൽ നടന്ന സമാനസംഭവത്തിന് പിന്നിലും ഇയാളാകാമെന്ന സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ രാഘവൻ, എസ്.ഐ. മാരായ കെ.കെ. സോബിൻ, രവീന്ദ്രൻ, ബിൻഷാദ്, എ.എസ്.ഐ ഗഫൂർ, സീനിയർ സിപിഒ മാരായ മുസ്തഫ, ഡോനിത്, സിപിഒ മാരായ അനിൽ സജീവൻ, മിഥുൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |