കൊച്ചി: കാലവർഷം കേരളതീരം തൊട്ടിട്ട് ഒരുമാസം പിന്നിടുമ്പോൾ, സംസ്ഥാനത്ത് ലഭിച്ചത് 53 ശതമാനം അധികമഴ. സംസ്ഥാന ഇറിഗേഷൻ വകുപ്പിന്റെ മേയ് 24 മുതൽ ജൂൺ 24 വരെയുള്ള കണക്കാണിത്. അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കിൽ അധികമഴ ഒരു ശതമാനം മാത്രമാണ്. ജൂൺ ഒന്നു മുതൽ 27 വരെയുള്ള കാലയളവ് കണക്കിലെടുത്താണിത്. കാലവർഷം നേരത്തെ എത്തിയെങ്കിലും ജൂൺ ഒന്ന് മുതലുള്ള പെയ്ത്തേ കേന്ദ്ര കാലാവസ്ഥ വകുപ്പ് മൺസൂണായി രേഖപ്പെടുത്തുകയുള്ളൂ. ഇതിന് മുമ്പ് ലഭിച്ചത് വേനൽ മഴയുടെ കണക്കിലാണ് ഉൾപ്പെടുത്തുക.
വടക്കൻ ജില്ലകളിലാണ് കൂടുതലും മഴ ലഭിച്ചത്. മഴ കണക്കിൽ മുന്നിൽ കാസർകോടാണ്. ലഭിച്ചത് 1647 മില്ലി മീറ്റർ മഴ. കണ്ണൂർ - 1557 മില്ലി മീറ്റർ, കോഴിക്കോട് 1407 മില്ലി മീറ്റർ എന്നിങ്ങനെയാണ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാർ. പാലക്കാടും തിരുവനന്തപുരത്തും 803.1 മില്ലി മീറ്റർ മഴ ലഭിച്ചു. കൊല്ലമാണ് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല, 655.3 മി.മി. മണിക്കൂറിൽ 50-70 കി.മി വേഗത്തിൽ വരെ കാറ്റുവീശി. കാലവർഷത്തിനൊപ്പം ഇടിമിന്നലും ഉണ്ടാകുന്നുണ്ട്. മേയ് 24 മുതലുള്ള കണക്കുപ്രകാരം പ്രകാരം കണ്ണൂർ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ മിന്നൽ രേഖപ്പെടുത്തിയത്. ബംഗാൾ ഉൾക്കടൽ -ഒഡീഷ മേഖലകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് ഇന്നലെയടക്കം കേരളത്തിൽ പരക്കെ മഴപെയ്യിച്ചത്.
എറണാകുളത്ത് 42% അധികമഴ
കാലവർഷ മഴപെയ്ത്ത് കണക്കിൽ നാലാം സ്ഥാനത്തുള്ള എറണാകുളം ജില്ലയിൽ 42 ശതമാനം അധികമഴയാണ് പെയ്തത്. ആകെ 1223.3 മില്ലി മീറ്റർ മഴയാണ് ഇറിഗേഷൻ വകുപ്പിന്റെ കണക്കിൽ. ഐ.എം.ഡി രേഖയിൽ 944.8 മില്ലി മീറ്ററും. 664.8 മില്ലി മീറ്റർ മഴയായിരുന്നു പെയ്യേണ്ടിയിരുന്നത്.
ജില്ല - മഴ (മില്ലി മീറ്റർ)
ആലപ്പുഴ - 952.2
കണ്ണൂർ - 1557.5
എറണാകുളം - 1223.3
ഇടുക്കി - 989.3
കാസർകോട് - 1647
കൊല്ലം - 655.3
കോട്ടയം - 980
കോഴിക്കോട് - 1407.2
മലപ്പുറം - 1053
പാലക്കാട് - 803.1
പത്തനംതിട്ട 921.7
തിരുവനന്തപുരം - 803.1
തൃശൂർ - 1199.5
വയനാട് - 933.7
മണിക്കൂറിൽ 50-60 വരെ വേഗതയിലാണ് പടിഞ്ഞാറൻ കാറ്റ് കേരള തീരത്ത് വീശുന്നത്. ഇടവിട്ട് ശക്തമായ കാറ്റോട് കൂടിയ മഴ തുടരും. മലയോര മേഖലയിൽ അതീവ ജാഗ്രത തുടരണം
രാജീവൻ എരിക്കുളം
കാലാവസ്ഥ വിദഗ്ദ്ധൻ
മുന്നറിയിപ്പുകൾ
• ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കുക
• ദുർബലമായ കെട്ടിടങ്ങളിൽ താമസിക്കുന്നത് ഒഴിവാക്കുക
• വെള്ളക്കെട്ട് പ്രദേശങ്ങളിലെ സന്ദർശനം ഒഴിവാക്കുക
• സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |