കൊച്ചി: കേരളത്തിലെ പദ്ധതികളിൽ അങ്കമാലി- ശബരി റെയിൽ പാതയ്‌ക്ക് മുൻഗണന നൽകുമെന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന്റെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നതാണെങ്കിലും പുതുക്കിയ എസ്‌റ്റിമേറ്റ് അംഗീകരിക്കൽ, ചെലവ് പങ്കിടൽ, സ്ഥലമേറ്റെടുക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ അവ്യക്തത തുടരുന്നു. പാത കടന്നുപോകുന്ന ജില്ലയുടെ കിഴക്കൻ മേഖയിൽ മന്ത്രിയുടെ പ്രഖ്യാപനം ആഹ്ളാദം സൃഷ്‌ടിച്ചിട്ടുണ്ട്.
അങ്കമാലി- എരുമേലി ശബരി റെയിൽ പാത നിർമ്മാണത്തിന് കേന്ദ്ര സർക്കാർ മുൻഗണന നൽകുമെന്ന് റെയിൽവേ മന്ത്രി രണ്ടാമത്തെ തവണയാണ് പൊതുവേദിയിൽ പ്രഖ്യാപിക്കുന്നത്. എന്നാൽ, റെയിൽവേ മന്ത്രാലയം ഇതുവരെ നടപടികളിലേക്ക് കടന്നിട്ടില്ല. നിലച്ചുകിടക്കുന്ന സ്ഥലമെടുപ്പ്, നിർമ്മാണ ഓഫീസ് ആരംഭിക്കൽ, ഉദ്യോഗസ്ഥരെ നിയോഗിക്കൽ തുടങ്ങിയ കാര്യങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല. പദ്ധതിയുടെ പകുതി ചെലവ് വഹിക്കണമെന്ന നിർദ്ദേശം സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും, എസ്റ്റിമേറ്റ് പുതുക്കി അംഗീകരിച്ചാലേ ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ കഴിയൂ. കരാർ ഒപ്പിടാനും തുക കണ്ടെത്താനും സർക്കാരിനും കടമ്പകളേറെയുണ്ട്.
ശബരി റെയിൽവേ പദ്ധതിക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന റെയിൽവേ മന്ത്രി വി. അബ്ദുറഹ്മാനും ഡൽഹിയിൽ മന്ത്രിയെ സന്ദർശിച്ച ശേഷം, കഴിഞ്ഞ നവംബർ മൂന്നിന് തൃശൂരിലാണ് ശബരി റെയിൽവേ പദ്ധതിക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം ആദ്യമായി പ്രഖ്യാപിച്ചത്. പിന്നീട് കഴിഞ്ഞ ജൂൺ മൂന്നിന് മുഖ്യമന്ത്രിയും സംസ്ഥാന റെയിൽവേ മന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയെ സന്ദർശിച്ചിരുന്നു. ജൂലൈയിൽ സ്ഥലമേറ്റെടുപ്പ് ആരംഭിക്കുമെന്ന പ്രഖ്യാപനവും ഇതേത്തുടർന്ന് വന്നിരുന്നു.
മരവിപ്പിക്കൽ പിൻവലിച്ചില്ല
ശബരി റെയിൽവേ നിർമ്മാണ പദ്ധതി മരവിപ്പിച്ചതിന് ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്ന് ശബരി റെയിൽവെ ആക്ഷൻ കൗൺസിലുകൾ ചൂണ്ടിക്കാട്ടുന്നു. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചിട്ടുമില്ല. അനുമതികൾ കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരുമോയെന്ന് ആശങ്കയുമുണ്ട്.
സ്ഥലമെടുപ്പ് നീളുന്നു
ജൂലായിൽ സ്ഥലം ഏറ്റെടുപ്പ് പുനരാരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ്. പദ്ധതി മരവിപ്പിച്ചതിന് മാറ്റം വരുത്താനും പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാനും നിർമ്മാണം ചെലവ് എങ്ങനെ വഹിക്കുമെന്നതിൽ വ്യക്തത വരുത്താൻ കേന്ദ്ര റെയിൽവേ മന്ത്രിയും മുഖ്യമന്ത്രിയും മുൻകൈയെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ പതിറ്റാണ്ടുകളായി ക്രയവിക്രയങ്ങൾ മരവിച്ച നിലയിലാണ്. സ്ഥലം വിട്ടുകൊടുക്കാൻ ഉടമകളെല്ലാം സന്നദ്ധത അറിയിച്ചതുമാണ്.
കേന്ദ്ര റെയിൽവേ മന്ത്രി ശബരി പദ്ധതി നിർമ്മാണത്തെക്കുകുറിച്ച് വളരെ അനുകൂലമായി പറഞ്ഞത് എല്ലാവരെയും ആഹ്ലാദിപ്പിച്ചുവെന്നത് വസ്തുതയാണ്. അതനുസരിച്ച് നടപടികൾ വേഗത്തിലാക്കണം.
ബാബു പോൾ
ജനറൽ കൺവീനർ
ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |