കൊച്ചി: ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകാനുള്ള പ്രധാന കടമ്പ മാറിയിരിക്കുകയാണ്. പദ്ധതി മരവിപ്പിച്ച ഉത്തരവ് കേന്ദ്രസർക്കാർ റദ്ദാക്കുകയും പദ്ധതിച്ചെലവിന്റെ 30 ശതമാനം വഹിക്കാൻ സംസ്ഥാനം തയ്യാറാവുകയും ചെയ്തതോടെയാണിത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഓഫീസുകൾ പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സംസ്ഥാനം ആരംഭിക്കുകയാണ് ഇനി വേണ്ടത്.
അങ്കമാലി മുതൽ എരുമേലി വരെയുള്ള ശബരി റെയിൽപ്പാത കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം വഴിയാണ് ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത്. കാലടി വരെ സ്ഥലം ഏറ്റെടുത്തെങ്കിലും പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിരുന്നു. 2019ൽ മരവിപ്പിച്ച സ്ഥലം ഏറ്റെടുക്കൽ ഉത്തരവ് പിൻവലിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി കഴിഞ്ഞ ദിവസം ജനപ്രതിനിധികളെ അറിയിച്ചു.
മുഖ്യമന്ത്രി കഴിഞ്ഞ മാസം കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരമാണ് പദ്ധതി മരവിപ്പ് പിൻവലിച്ചു കൊണ്ടുള്ള കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. റെയിൽവേ ബോർഡിന്റെ ഉന്നതതല പ്രതിനിധി സംഘം പദ്ധതി പ്രദേശം സന്ദർശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത് ഇതുവരെ നടന്നിട്ടില്ല. സംഘം സന്ദർശിച്ചാലേ നടപടികൾ വേഗത്തിലാക്കാൻ കഴിയൂ.
ആക്ഷൻ കൗൺസിൽ ആവശ്യങ്ങൾ
പദ്ധതിയുടെ മരവിപ്പ് പിൻവലിച്ചതിന്റെ അടിസ്ഥാനത്തിൽ, സ്ഥലമേറ്റെടുത്ത് നൽകേണ്ട ചുമതലയുള്ള സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്ന് ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ആവശ്യപ്പെട്ടു. പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാല എന്നിവിടങ്ങളിൽ നിലവിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുപ്പ് ഓഫീസുകൾ പുനരാരംഭിക്കണം. നിർമ്മാണച്ചുമതലയുള്ള കെറെയിൽ കോർപ്പറേഷന്റെ മേഖലാ ഓഫീസ് മൂവാറ്റുപുഴ കേന്ദ്രമായി ആരംഭിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തുക കണ്ടെത്തൽ കടമ്പ
1. ജൂലായിൽ സ്ഥലം ഏറ്റെടുപ്പ് പുനരാരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
2. സ്ഥലമെടുപ്പിന്റെ ചെലവിന്റെ 30 ശതമാനം സംസ്ഥാനം വഹിക്കാമെന്നാണ് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
3. പുതുക്കിയ എസ്‌റ്റിമേറ്റ് പ്രകാരം പണം കണ്ടെത്താൻ സംസ്ഥാനം നടപടി സ്വീകരിക്കണം.
4. കാലടി മുതൽ തൊടുപുഴ വരെയുള്ള 58 കിലോമീറ്ററിലെ സ്ഥലം വിട്ടുകൊടുക്കാൻ ഉടമകളെല്ലാം സന്നദ്ധത നേരത്തെ അറിയിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം അഭിനന്ദനാർഹമാണ്. സ്ഥലമെടുപ്പിന് സംസ്ഥാനം നടപടി പുനരാരംഭിക്കണം.
ബാബു പോൾ
ജനറൽ കൺവീനർ
ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |