കൊച്ചി: അമേരിക്ക മത്സ്യോത്പന്നങ്ങൾക്കുള്ള തീരുവ വർദ്ധിപ്പിച്ചതോടെ കേരളത്തിലെ മത്സ്യമേഖല കടുത്ത പ്രതിസന്ധിയിൽ. പ്രതിസന്ധി മറികടക്കാൻ പുതിയ വിദേശ വിപണികൾ കണ്ടെത്താനും ആഭ്യന്തര വിപണി വികസിപ്പിക്കാനും അടിയന്തര നടപടികൾ വേണമെന്ന് ആവശ്യവുമായി മത്സ്യമേഖല. മത്സ്യബന്ധന, സംസ്‌കരണ, കയറ്റുമതി മേഖലകൾക്ക് ആന്ധ്രാപ്രദേശ് മാതൃകയിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാണ് ആവശ്യം.
കേരളത്തിന്റെ മത്സ്യസംസ്‌കരണ, കയറ്റുമതി മേഖലയുടെ പ്രധാന കേന്ദ്രങ്ങളാണ് കൊച്ചി, അരൂർ പ്രദേശങ്ങൾ. അര ലക്ഷത്തിലധികം പേർ മത്സ്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു. ഈ തൊഴിലാളികൾക്ക് അമേരിക്കൻ തീരുവ സൃഷ്ടിക്കുന്ന പ്രതിസന്ധി വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് കേരള മത്സ്യ മേഖല സംരക്ഷണ സമിതി അറിയിച്ചു.
ആന്ധ്രാപ്രദേശിലെ മത്സ്യമേഖലയ്ക്ക് ഗുണകരമായ ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് അവിടുത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ മൂന്ന് ലക്ഷം മത്സ്യ കർഷകർക്ക് പ്രയോജനം ലഭിക്കും. ആന്ധ്രയിൽ 2.12 ലക്ഷം ഹെക്ടറിലാണ് മത്സ്യകൃഷിയുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ ചെമ്മീൻ കൃഷി ചെയ്യുന്നത് നെല്ലൂർ ജില്ലയിലാണ്. ഈസ്റ്റ് ഗോദാവരി ജില്ല ഒരു അക്വാ ഹബ്ബ് കൂടിയാണ്. ഇവിടെ വളർത്തുന്ന ചെമ്മീൻ കൂടുതലും അമേരിക്കയിലേക്കാണ് കയറ്റി അയക്കുന്നത്.
ആന്ധ്രാ പാക്കേജ്
കർഷകർക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് 1.5 രൂപയായി കുറച്ചു
ഓരോ കർഷകനും 1000 രൂപയുടെ അടിയന്തര സഹായം
അടുത്ത ഗഡുവായി കർഷകർക്ക് 20,000 രൂപ വീതം നൽകും
മറ്റ് ആവശ്യങ്ങൾ
വിദഗ്ദ്ധ സമിതി രൂപീകരിച്ച് പ്രത്യാഘാതങ്ങൾ ബോദ്ധ്യപ്പെടുത്തുക
സർവകക്ഷിസംഘം കേന്ദ്രസർക്കാരുമായി ചർച്ച നടത്തുക
ബദൽ നടപടികളും അടിയന്തര സാമ്പത്തികസഹായവും നൽകുക
യൂറേഷ്യൻ, യു.കെ, മറ്റു യൂറോപ്യൻ യൂണിയൻ, സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലേക്കും കയറ്റുമതി വികസിപ്പിക്കാൻ തീവ്രയത്‌നം നടത്തുക
ആഭ്യന്തരവിപണിയും ഉപഭോഗവും വർദ്ധിപ്പിക്കാൻ നടപടികൾ
ഉത്പന്നങ്ങളുടെ വൈവിദ്ധ്യവത്കരണവും മൂല്യവർദ്ധനവും നടപ്പാക്കുക
ഭീഷണി ഗ്വാട്ടിമാല
അമേരിക്കയുടെ ചെമ്മീൻ ഇറക്കുമതിയിൽ 46.3 ശതമാനം ഇന്ത്യയുടേതാണ്. ഗ്വാട്ടിമാലയുടേത് 26 ശതമാനവും. ഗ്വാട്ടിമാലയ്ക്ക് 15 ശതമാനമാണ് തീരുവ വർദ്ധന. ഗ്വാട്ടിമാല അമേരിക്കൻ വിപണി പിടിച്ചാൽ ഇന്ത്യ പിന്തള്ളപ്പെടുമെന്ന് കയറ്റുമതിക്കാർ പറയുന്നു.
പ്രക്ഷോഭം, പ്രതിഷേധം
മുഖ്യമന്ത്രി, ധനമന്ത്രി, ഫിഷറീസ് മന്ത്രി എന്നിവർക്ക് നിവേദന സമർപ്പിക്കും
കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന് നിവേദനം സമർപ്പിക്കും
24ന് ഉച്ചയ്ക്ക് രണ്ടിന് ചന്തിരൂർ പാലത്തിൽ ബഹുജന കൺവെൻഷൻ
കൊച്ചിയിലെ എം.പി.ഇ.ഡി.എ ആസ്ഥാനത്ത് ശ്രദ്ധ ക്ഷണിക്കൽ
പോരാട്ടം ഒരുമിച്ച്
മത്സ്യമേഖലയെ സംരക്ഷിക്കാൻ യോജിച്ച പരിപാടികൾക്ക് തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗം തീരുമാനിച്ചു. യോഗത്തിൽ, ടി.എം. ഇബ്രാഹിം, എ.എ. ഷൗക്കത്ത്, കെ.എം. സുലൈമാൻ, സി.കെ. രാജേന്ദ്രൻ, (ഐ.എൻ.ടിയു.സി.) പ്രദീപ്, കെ.വി. സാബു (സി.ഐ.ടി.യു), എം.കെ. മോഹനൻ (എ.ഐ.ടി.യു.സി ), ബിനീഷ് ബോയ് (ബി.എം.എസ്), കെ.വി. ഉദയഭാനു, ചാൾസ് ജോർജ് (ടി.യു.സി.ഐ) തുടങ്ങിയവർ സംസാരിച്ചു.
പ്രതിസന്ധി പരിഹരിക്കാനും മേഖലയെ സംരക്ഷിക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാനം നടപടി സ്വീകരിക്കണം.
ചാൾസ് ജോർജ്
ജനറൽ കൺവീനർ,
കേരള മത്സ്യ മേഖല സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |