കൊച്ചി: ചുട്ടുപൊള്ളിക്കുന്ന കോട്ടുകൾക്കുപകരം വക്കീലന്മാർക്ക് ഇനി ഖാദികോട്ടണിഞ്ഞ് 'കൂളായി" കോടതിയിലെത്താം. പയ്യന്നൂർ ഖാദികേന്ദ്രം ആദ്യഘട്ടത്തിൽ തയ്യാറാക്കുന്നത് 1000 കോട്ടുകൾ. ഈമാസം 19ന് വൈകിട്ട് നാലിന് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടക്കുന്ന സമ്മേളനത്തിൽ നിയമ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് 'വക്കീൽ കോട്ടുകൾ" പുറത്തിറക്കും. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെ പങ്കെടുക്കും. വില നിശ്ചയിച്ചിട്ടില്ലെങ്കിലും കോട്ടിന് 3000 രൂപയോളമാകുമെന്നാണ് വിവരം. വടക്കൻ പറവൂർ കരുമാല്ലൂർ ഖാദികേന്ദ്രം നിർമ്മിച്ച സാരികളും സമ്മേളനത്തിൽ പുറത്തിറക്കും. സെന്റ് തെരേസാസ് വിദ്യാർത്ഥിനികളുടെ ഫാഷൻഷോയും ഉണ്ടാകും.
വേനൽക്കാലത്ത് കറുത്ത കോട്ടണിയുന്നത് അഭിഭാഷകരെ സംബന്ധിച്ചിടത്തോളം ദുസഹമാണ്. കുളിർമപകരുന്ന ഖാദിവസ്ത്രങ്ങൾക്ക് സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുപിന്നാലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കോട്ടുകൾ അവതരിപ്പിക്കാനാണ് പദ്ധതി.
പരിസ്ഥിതി സൗഹൃദ ഖാദിയെ നിത്യജീവിതത്തിന്റെ ഭാഗമാക്കാനാണ് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ലക്ഷ്യമിടുന്നതെന്ന് ബോർഡ് സെക്രട്ടറി കെ.എ. രതീഷ് കേരളകൗമുദിയോട് പറഞ്ഞു. ന്യൂജെൻ അഭിരുചികൾക്കിണങ്ങിയ വൈവിദ്ധ്യമാർന്ന വേഷങ്ങൾ അവതരിപ്പിക്കും. പദ്ധതിക്ക് ബോർഡ് ചെയർമാനായ മന്ത്രി പി. രാജീവ്, വൈസ് ചെയർമാൻ പി. ജയരാജൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.
രാജ്യത്തെ ഖാദി
അണിയിക്കും
അഭിഭാഷകർ, ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരുടെ കോട്ടുകൾ രാജ്യമാകെ ലഭ്യമാക്കാനാണ് ബോർഡിന്റെ പദ്ധതി. നാഷണൽ മെഡിക്കൽ കമ്മിഷൻ ഇതിനു നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ സർക്കാർ മെഡിക്കൽ, ഡെന്റൽ, നഴ്‌സിംഗ് കോളേജുകളിൽ ഖാദികോട്ടുകൾ ലഭ്യമാക്കും.
വരും ഹൈടെക്
മോഡലുകൾ
ഖാദിമേഖലയെ കാലോചിതമായി പരിഷ്‌കരിക്കും. 'എനിക്കും വേണം ഖാദി "എന്ന പ്രമേയത്തിലാകും ഇത്തവണത്തെ ഓണംമേള.
കെ.എ. രതീഷ്,
ഖാദി ബോർഡ് സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |