ചോറ്റാനിക്കര: ബന്ദിപ്പൂ വിളവെടുത്ത് ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ചോറ്റാനിക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ മഹാത്മാ വായനശാല. 10 അംഗ സംഘത്തിന്റെ പ്രയത്നത്തിന്റെ ഫലമായാണ് 20 സെന്റിൽ നിറഞ്ഞുനിൽക്കുന്ന മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ബന്ദിപ്പൂക്കൾ. 'ഓണത്തിന് ഒരു കുട്ട പൂവ്" എന്ന പദ്ധതിയുടെ ഭാഗമായാണ് വായനശാലയുടെ സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് 10 സെന്റ് വീതമുള്ള 2 പറമ്പുകളിലായി കൃഷി നടത്തുന്നത്. ക്ലബ് ഭാരവാഹികളായ ദീപു കുര്യാക്കോസ്, ജിറ്റു ജോൺ, ധനേഷ് ഉണ്ണിക്കൃഷ്ണൻ, ജോൺസൺ വർഗീസ്, കെ.കെ. ശ്രീകുമാർ, എം.സി. റിജിത്ത്, വി.ജി. ജോൺ, അനുപമ നിബിൻ, ജിസ്മി സി. ജോയ്, ജെസി മാത്യു എന്നിവർ ചേർന്നാണ് കൃഷി ചെയ്യുന്നത്.
ചോറ്റാനിക്കര കൃഷിഭവനിൽ നിന്ന് ലഭിച്ച ഒരുമാസം പ്രായമുള്ള 1000 തോളം തൈകളാണ് ഇവർ നട്ടത്. കൃഷി വിജയിച്ചതോടെ ഏറ്റവും നല്ല ഗ്രൂപ്പ് കർഷകർക്കുള്ള അവാർഡും സംഘത്തെ തേടിയെത്തി. ഇന്ന് ചോറ്റാനിക്കര പഞ്ചായത്തിൽ നടക്കുന്ന കർഷക അവാർഡ് ദിനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് ഇവരെ ആദരിക്കും.
60 വർഷമായി ഒരു നാടിന്റെ അഭിമാനമായി പ്രവർത്തിക്കുന്ന മഹാത്മാ തീയറ്റേഴ്സ് ആൻഡ് വായനശാല നിരവധി പ്രവർത്തനങ്ങളാണ് നാടിന് വേണ്ടി നടപ്പാക്കുന്നത്. പൂക്കൃഷിക്കായി കൃഷി ഓഫീസർ മഞ്ജു റോഷിനി, വാർഡ് മെമ്പർ ലൈജു ജനകൻ എന്നിവർ എല്ലാ സഹായവും നൽകുന്നുണ്ട്.
ജിബു ജോൺ
പ്രസിഡന്റ്
മഹാത്മാ വായനശാല
ലഹരിക്കെതിരെയുള്ള ഒരു പോരാട്ടം കൂടിയാണ് ബന്ദിപ്പൂ കൃഷി. കൃഷിയിടങ്ങൾ ലഹരിയാക്കി യുവതലമുറയ്ക്ക് വഴികാട്ടിയാവുകയാണ് മഹാത്മാ വായനശാല.
ദീപു കുര്യാക്കോസ്
സെക്രട്ടറി
മഹാത്മാ വായനശാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |