കളമശേരി: ഒരു കാലത്ത് ടൈപ്പും ഷോർട്ട് ഹാൻഡും പഠിപ്പിക്കുന്ന നൂറുകണക്കിന് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ടായിരുന്ന എറണാകുളം ജില്ലയിൽ ഇപ്പോൾ അവശേഷിക്കുന്നത് 55 എണ്ണം മാത്രം. സംസ്ഥാനത്ത് 737 എണ്ണവും. കമ്പ്യൂട്ടറുകളുടെ കടന്നുവരവാണ് ഇവയ്ക്ക് അടിയായത്. സംസ്ഥാന സർക്കാരിന്റെ അപൂർവം ജോലികൾക്ക് കെ.ജി.ടി.ഇ. സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. അതിനായാണ് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ അന്വേഷിച്ച് പ്രധാനമായും ആളുകൾ എത്തുന്നത്. പിന്നെ അവധിക്കാലത്ത് കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത കൂട്ടാനെത്തുന്ന ന്യൂജൻ പിള്ളേരും.
ചില പി.എസ്.സി തസ്തികളിലേക്കുള്ള യോഗ്യതകളിൽ ടൈപ്പും ഷോർട്ട് ഹാൻഡും നിലനിൽക്കുന്നത് കൊണ്ടുമാത്രമാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പലതും പ്രവർത്തിക്കുന്നത്. പക്ഷേ, ടൈപ്പ് റൈറ്റിംഗ് പഠിപ്പിക്കാൻ യോഗ്യരായവരെ കണ്ടെത്തുക പ്രയാസമാണെന്ന് നടത്തിപ്പുകാരിൽ ചിലർ പറയുന്നു. പത്താംക്ലാസ് കഴിഞ്ഞ് ടൈപ്പ്റൈറ്റിംഗും ഷോർട്ട് ഹാൻഡും പഠിച്ചവർക്ക് ജോലി ഉറപ്പായ ഒരു കാലമുണ്ടായിരുന്നു.
ഏലൂരിലെ സരസ്വതി കൊമേഴ്സ്യൽ സ്കൂളിനും കടുങ്ങല്ലൂരിലെ ടാഗൂർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിനും പറയാൻ ഒരുപാട് കഥകളുണ്ട്. 1950ൽ തുടങ്ങിയ സരസ്വതി സ്കൂളിൽ 21 മെഷീനുകളും 5 കമ്പ്യൂട്ടറുകളും ഉണ്ടായിരുന്നു. 2013ൽ പൂട്ടി. അഞ്ചു പതിറ്റാണ്ട് ഫുൾ ടൈം അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന ഏലൂർ സൗത്ത് ജയ ഭവനിൽ ഏ.ജി. ലളിത എഴുപത്തേഴാം വയസിൽ വിശ്രമജീവിതം നയിക്കുന്നു.
1971 ൽ പി.എ. ആനന്ദവല്ലി കടുങ്ങല്ലൂരിൽ തുടങ്ങിയതാണ് ടാഗൂർ ഇൻസ്റ്റിറ്റ്യൂട്ട്. മുപ്പത്തടത്തും തുറന്നു. നിലവിലുള്ള കടുങ്ങല്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ 25 ഓളം വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും വരുന്നുണ്ട്. തുടക്കത്തിൽ 120 പേർ ഒരു ദിവസം പഠിച്ചിരുന്നു. 40 മെഷീനുകൾ ഉണ്ടായിരുന്നു.
എറണാകുളം എസ്.ആർ.വി.സ്കൂൾ , കലൂർ ബോയ്സ്ഹൈസ്കൂൾ, കളമശേരി ഗവ.വി.എച്ച്.എസ് എന്നിവയാണ് ജില്ലയിലെ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ. ടൈപ്പ്റൈറ്റിംഗ് ലോവർ പാസാകണമെങ്കിൽ മിനിറ്റിൽ 35 അക്ഷരങ്ങൾ തെറ്റില്ലാതെ ടൈപ്പ് ചെയ്യാൻ സാധിക്കണം. ഹയറിന് 45 അക്ഷരങ്ങളും. ഷോർട്ട്ഹാൻഡ് ലോവറിന് മിനിറ്റിൽ 80 അക്ഷരങ്ങൾ എഴുതാനാകണം. ഹയറിന് 120 അക്ഷരങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |