കൊച്ചി: മുൻ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി തമ്മനത്ത് വൻ തോതിൽ സ്ഥലം കൈയറിയെന്ന് ആരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ വൻ ജനകീയ പ്രക്ഷോഭം. 25 വർഷത്തിലേറെയായി പ്രദേശത്ത് തച്ചങ്കരിയുടെ സ്ഥല കൈയേറ്റം നടക്കുകയാണെന്നാണ് ആരോപണം. തമ്മനം കുത്താപ്പാടിയിലെ നളന്ദ, കുളത്തുങ്കൽ ബാവ റോഡിനോട് ചേർന്നാണ് കൈയേറ്റങ്ങൾ.
ആറ് സെന്റ് സ്ഥലം വാങ്ങി തുടങ്ങിയ തച്ചങ്കരിക്ക് ഇപ്പോൾ തമ്മനം കുത്താപ്പാടി ഭാഗത്ത് നാല് ഏക്കറിലധികം സ്ഥലമുണ്ടെന്ന് സി.പി.എം ആരോപിക്കുന്നു. സമീപത്തെ കാനകളും റോഡുകളുമെല്ലാം തച്ചങ്കരിയും കൂട്ടരും കൈയേറുകയാണ്.
അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ എത്തിച്ച് വീടുകൾ വാടകയ്ക്കെടുത്ത് വൃത്തിഹീനമായ സാഹചര്യത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെ കാനകളിലേക്ക് ഒഴുക്കുകയാണെന്നും ആരോപണമുണ്ട്.
വലിയ ഉയരത്തിൽ ഗോഡൗണുകൾ കെട്ടിപ്പൊക്കിയത് പെർമിറ്റ് ഇല്ലാതെയാണെന്നും കോർപ്പറേഷൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് തച്ചങ്കരി നിയമലംഘനങ്ങൾ നടത്തുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
സി.പി.എം തൃക്കാക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ ജനകീയ മാർച്ചും ധർണയും നടന്നത്. തമ്മനത്ത് നിന്ന് ആരംഭിച്ച പ്രതിഷേധം കുത്തപ്പാടിയിൽ നളന്ദ പബ്ലിക് സ്‌കൂളിനടുത്ത് റയാൻ സ്റ്റുഡിയോയ്ക്ക് സമീപം പൊലീസ് തടഞ്ഞു.
പ്രതിഷേധം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ഏരിയാ സെക്രട്ടറി എ.ജി. ഉദയകുമാർ, കെ.എ. മസൂദ്, എൻ.വി. മഹേഷ്, അഡ്വ. കെ.ഡി. വിൻസന്റ്, പി.എസ്. സതീഷ്, കെ.എ. റിയാസ്, അജി ഫ്രാൻസിസ്, ജോർജ് നാനാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധത്തെത്തുടർന്ന് തഹസിൽദാർ, കോർപ്പറേഷൻ അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെ ഹനിക്കുന്ന തച്ചങ്കരിയുടെ നിലപാട് അംഗീകരിക്കില്ല. ജനകീയ പ്രതിഷേധം തുടരും
എ.ജി. ഉദയകുമാർ
സി.പി.എം തൃക്കാക്കര ഏരിയാ സെക്രട്ടറി
സ്ഥലത്ത് അടിയന്തരമായി പരിശോധനകൾ നടത്തും. കൈയേറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ നടപടി.
ഡി. ബിനു
കണയന്നൂർ തഹസിൽദാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |