കൊച്ചി: റോഡുകളുടെ തകർച്ചയും നവീകരണവും വാഹന ബാഹുല്യവും കൊച്ചി നഗരത്തെ വലയ്ക്കുന്നു. ദേശീയ പാതകളുമുൾപ്പെടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇടറോടുകൾ പലയിടത്തും തകർന്ന് കിടക്കുന്നത് കുരുക്കിന്റെ ആക്കം കൂട്ടുന്നു.
ദേശീയപാത 66ൽ ആറുവരി പാതയുടെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ രാവും പകലും വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ആലുവ മെട്രോ ജംഗ്ഷനിലും പറവൂർ കവലയിലുമാണ് ദേശീയപാത 544ലെ ഗതാഗതക്കുരുക്കിന് തുടക്കം. ഹൈവേയും എൻ.എച്ച് 66ഉം സംഗമിക്കുന്ന ഇടപ്പള്ളിയിൽ തിരക്ക് കിലോമീറ്ററുകൾ നീളും.
വാഹനത്തിരക്കേറിയ ജംഗ്ഷനായ ഇടപ്പള്ളി കടന്നുകിട്ടാനും ബുദ്ധിമുട്ടാണ്. ഇതിനൊപ്പം മേൽപ്പാലം വരുന്ന ചേരാനല്ലൂർ ഭാഗത്തും സ്ഥിതി വ്യത്യസ്ഥമല്ല. റോഡ് വികസിപ്പിക്കുന്ന പറവൂർ ഭാഗത്തെ റോഡിന് വീതി കുറവാണെന്നതും പ്രയാസം വർദ്ധിപ്പിക്കുന്നു.
റോഡ് പണിയും പണിതരുന്നു
ഏതാനും ദിവസങ്ങളായി എം.സി റോഡിൽ മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതം മണിക്കൂറുകൾ തടസപ്പെടുന്നു. റോഡ് പണികൾ നടക്കുന്നതാണ് പ്രശ്‌നം. നഗരത്തിൽ ഗതാഗതം നിരോധിച്ചതിനാൽ മേഖലയിലെ വിദ്യാലയങ്ങൾക്ക് കഴിഞ്ഞ ദിവസം കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എം.സി. റോഡിലെ പെരുമ്പാവൂർ, വല്ലം, കാലടി, അങ്കമാലി ജംഗ്ഷൻ എന്നിവിടങ്ങളിലും വാഹനങ്ങൾ ഇഴഞ്ഞു നീങ്ങണം. ആലുവ - മൂന്നാർ റോഡും എം.സി റോഡും സംഗമിക്കുന്ന പെരുമ്പാവൂർ ജംഗ്ഷൻ, എം.സി റോഡിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിയുന്ന വല്ലം, കാലടി ജംഗ്ഷനുകൾ, കാലടി - ഒക്കൽ പാലം എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
താരതമ്യേന കുരുക്കില്ലാത്ത കണ്ടെയ്‌നർ റോഡിലെ നഗരത്തിലേക്കുള്ള പ്രവേശന കവാടമായ ഗോശ്രീ പാലം ഭാഗത്തും വലിയ ഗതാഗത കുരുക്കുണ്ട്.
സമയ ക്രമം പാലിക്കാതെ ഭാരവാഹനങ്ങൾ
ഭാര വാഹനങ്ങളായ ട്രക്ക് ഉൾപ്പെടെയുള്ളവയ്ക്ക് രാവിലെയും വൈകിട്ടും സമയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ സമയക്രമം പാലക്കാത്തതെ കണ്ടെയ്‌നറുകൾ ഉൾപ്പെടെ യഥേഷ്ടം സർവീസ് നടത്തുകയാണ്. ഭാരവാഹനങ്ങളും സ്‌കൂൾ ബസുകളും എല്ലാം ഒരേസമയം എത്താതിരിക്കുന്നതിനായാണ് നേരത്തെ ഭാരവാഹനങ്ങൾക്ക് സമയ ക്രമം ഏർപ്പെടുത്തിയത്.
മെട്രോ നിർമ്മാണ കുരുക്ക്
കാക്കനാട്ടേക്കുള്ള മെട്രോ നിർമ്മാണം നടക്കുന്നതിനാൽ പാലാരിവട്ടം - കാക്കനാട് റോഡിൽ നിരങ്ങിയാണ് ഗതാഗതം. തൃപ്പൂണിത്തുറ - വൈക്കം റോഡിൽ പുത്തൻകാവ് മുതൽ തൃപ്പൂണിത്തുറ വരെയുള്ള 11 കി.മീറ്ററിലും രൂക്ഷമായ ഗതാഗത തടസമുണ്ട്.
പുത്തൻകാവിൽ നിന്ന് കാഞ്ഞിരമറ്റത്തേക്കുള്ള റോഡും ചോറ്റാനിക്കരയിൽ നിന്ന് കാഞ്ഞിരമറ്റത്തേക്കുള്ള റോഡും തകർന്നു കിടക്കുകയാണ്. പുത്തൻകാവിൽ നിന്ന് കാഞ്ഞിരമറ്റത്തേക്കുള്ള ഭാഗത്തും രാവിലെയും വൈകിട്ടും വലിയ ഗതാഹഗത കുരുക്കുണ്ട്.
ഗതാഗതക്കുരുക്കിൽ വലയുന്ന ജില്ലയിലെ പ്രധാന റോഡുകൾ
ദേശീയ പാത 66 (മൂത്തകുന്നം - കുമ്പളം ) : 44 കി.മീ.
ദേശീയപാത 544 (പൊങ്ങം - ഇടപ്പള്ളി) : 31കി.മീ.
ദേശീയപാത 85 (ചീയപ്പാറ - കൊച്ചി) : 79 കി.മീ.
എം.സി. റോഡ് (കൂത്താട്ടുകുളം - അങ്കമാലി) : 53കി.മീ.
വൈക്കം റോഡ് (പൂത്തോട്ട - തൃപ്പൂണിത്തുറ) : 13 കി.മീ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |