കൊച്ചി: ലക്ഷദ്വീപിലെ ഭീമൻ നീരാളി, ഛത്തീസ്ഗഡിലെ അമ്പും വില്ലും, ചുഴറ്റിയാൽ സംഗീതം പൊഴിയുന്ന മുളങ്കുഴൽ, രാജസ്ഥാനി തുകൽ ചെരുപ്പുകൾ...! കരവിരുതുകളാൽ കണ്ണും കരളും കവരുന്ന ഗ്രാമീണ കാഴ്ചകൾ ആരാധകരെ കാത്തിരിക്കുന്നത് മറൈൻഡ്രൈവ് ഗ്രൗണ്ടിൽ. 'ലോക് സംവർദ്ധൻ പർവിൽ" വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലേറെ കരകൗശല വിദഗ്ദ്ധരാണ് അണിനിരക്കുന്നത്.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംഘടിപ്പിക്കുന്ന മേളയിൽ രുചിക്കൂട്ടുകളുമേറെ. വൈവിദ്ധ്യമാർന്ന അച്ചാറുകൾ, ഉത്തരേന്ത്യൻ വിഭവങ്ങൾ, പായസങ്ങൾ എന്നിവയും നിരന്നിട്ടുണ്ട്.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോർജ് കുര്യൻ മേള ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെയാണ് പ്രവേശനം. പ്രവേശനം സൗജന്യം. സെപ്തംബർ നാലിന് സമാപിക്കും.
ലക്ഷദ്വീപ് സ്വദേശി അബ്ദുൽകലാം ചിരട്ടകൊണ്ട് ഒരുക്കിയ വിസ്മയലോകത്ത് നീരാളി, മീനുകൾ, ആന, ആമ, കായ്ച്ചു നിൽക്കുന്ന തെങ്ങുകൾ, ചായക്കോപ്പ, തവി, ചട്ടുകം തുടങ്ങിയവയുടെ വമ്പൻനിര. യന്ത്രസഹായമില്ലാതെ നിർമ്മിച്ച ഇവയ്ക്ക് ആവശ്യക്കാരേറെയാണ്.
മുളയിൽ വിസ്മയമൊരുക്കുന്നു ഛത്തീസ്ഗഡുകാർ. കൂറ്റൻ മുളങ്കുഴൽ ചലപ്പിച്ചാൽ ജലപ്രവാഹത്തിന്റെ ശബ്ദം കേൾക്കാം. ചുഴറ്റിയാൽ ഓടക്കുഴൽ നാദം ഉയരുന്ന ചെറുമുളം കുഴലുകളും സന്ദർശകരെ ആകർഷിക്കുന്നു. മുളയിൽ നിർമ്മിച്ച അമ്പും വില്ലും കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്നു. വേട്ടയ്ക്ക് ഉപയോഗിക്കുന്നവയുടെ ചെറുപതിപ്പാണിതെന്ന് സ്റ്റാളിലെ തെമേശ്വർ ദിവാംഗർ പറയുന്നു.
പുതിയ തലമുറയുടെയും അഭിരുചികൾക്ക് ഇണങ്ങിയതാണ് രാജസ്ഥാനി തുകൽ ചെരുപ്പുകൾ. ഹൈഹീൽഡ് ചെരുപ്പ്, ഹാഫ് ഷൂ, വനിതകളുടെ കളർഫുൾ പാദരക്ഷയായ 'മോജ്ദി" എന്നിവ വാങ്ങുന്നവരേറെ. അലങ്കാരങ്ങൾ ആവശ്യത്തിലേറെയുള്ള രാജകീയ മോഡലുകളുമുണ്ടെങ്കിലും മലയാളികൾക്ക് പൊതുവേ അതിനോട് താത്പര്യമില്ല. ഇവയെല്ലാം ഗ്രാമങ്ങളിൽ വനിതകളടക്കം നിർമ്മിച്ചതാണെന്ന് സ്റ്റാളിലെ സുരേന്ദർ പറയുന്നു. കോലാപ്പൂരി മോഡൽ ചെരുപ്പിന് 550 രൂപ മുതലാണ് വില.
തുകലിൽ നിർമ്മിച്ച ബഹുവർണ ലാമ്പ് ഷെയ്ഡുകൾ, മൃഗങ്ങളുടെയും കലാരൂപങ്ങളെയും മാതൃകയിലുള്ള അലങ്കാരങ്ങൾ തുടങ്ങിയവ ആന്ധ്രയിൽ നിന്ന് എത്തിയിട്ടുണ്ട്. ലൈറ്റ് ഇട്ടാൽ വെട്ടിത്തിളങ്ങും. തുകലിൽ ചിത്രങ്ങൾ വരച്ച് വെട്ടിയെടുക്കുന്നു. പൂർണമായും സ്വാഭാവിക നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
തടിയിൽ നിർമ്മിച്ച പമ്പരം ഉൾപ്പെടെയുള്ള കളിക്കോപ്പുകൾ, കലാരൂപങ്ങൾ തുടങ്ങിയവയാണ് കർണാടകയിൽ നിന്നെത്തിയത്. കുട്ടികളെയാണ് ഇവ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങളുടെ വൻനിരയുമുണ്ട്.
ചകിരി ചെടിച്ചട്ടിയുമായി
ആലപ്പുഴ സംഘം
ചകിരികൊണ്ട് നിർമ്മിച്ച പലതരം ചെടിച്ചട്ടികൾ, പൂപ്പാത്രങ്ങൾ എന്നിവയും സന്ദർശകരെ ആകർഷിക്കുന്നു. ആലപ്പി കയർ പോട്‌സിന്റെ ഈ ഉത്പന്നത്തിന് നല്ല ഉറപ്പുമുണ്ട്. ചകിരിപ്പാളിയിൽ റബർ മിശ്രിതം സ്‌പ്രേ ചെയ്ത് ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ചാണ് ചട്ടികൾ നിർമ്മിക്കുന്നത്. പരിസ്ഥിതി സൗഹൃദ ചട്ടികൾ ക്രമേണ മണ്ണിൽ ലയിച്ചുചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |