കാക്കനാട്: ഓണത്തിന് പൂക്കളമിടാൻ ഐ.ടി ഹബായ കാക്കനാടുള്ളവർക്ക് അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബന്തിപ്പൂക്കളെ ആശ്രയിക്കേണ്ടതില്ല. തുതിയൂരിൽ 40 സെന്റ് സ്ഥലത്ത് വിടർന്നുനിൽക്കുകയാണ് മഞ്ഞയും ഓറഞ്ചും വർണങ്ങളിൽ ബന്തിപ്പൂക്കൾ. തുതിയൂരിലെ തന്റെ വീടിനടുത്ത് ബന്തിത്തോട്ടം നിർമ്മിച്ചത് യുവകർഷകനായ കെ.കെ വിജയനാണ്. സ്കൂൾ കുട്ടികളും നാട്ടുകാരും വിവിധ കർഷക സംഘടനയുടെ പ്രതിനിധികളും വിജയന്റെ ഈ പൂക്കൃഷിത്തോട്ടം കാണാനായി ദിനവും എത്തുന്നുണ്ട്.
ഇതോടൊപ്പം കഴിഞ്ഞ 11 വർഷമായി നെൽകൃഷിയും നടത്തുന്നുണ്ട് ഇദ്ദേഹം. വിളവെടുക്കാൻ പാകമായ നെൽക്കതിരുകൾ തൊട്ടടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്രാട ദിനത്തിൽ നിറപുത്തിരിക്കായി നൽകുകയാണ് പതിവ്. പുതുതലമുറയ്ക്ക് കൃഷിയോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനായി വ്യത്യസ്ത രീതിയിലുള്ള ജൈവ കൃഷികൾ ചെയ്യാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ 16 വർഷമായി കാർഷിക മേഖലയിലുള്ള വിജയനെ തേടി ജില്ലയിലെ മികച്ച യുവകർഷകനുള്ള അവാർഡ്, വി.എസ്. സ്മാരക പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്.
'ലഹരി വിളയുന്ന കാലം' കേരളത്തിലെ മികച്ച 70 കവിതാ സമാഹാരത്തിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൃക്കാക്കര കൃഷി ഭവനിലെ വികസന സമിതി അംഗമായ വിജയന് കൃഷിക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും സഹായങ്ങളും നൽകുന്നുണ്ടെന്ന് കൃഷി ഓഫീസർ ശില്പ വർക്കിയും അസിസ്റ്റന്റ് കൃഷി ഓഫീസർ പി. എസ്.സലിമോനും പറഞ്ഞു. അവിവാഹിതനായ വിജയന്റെ കൃഷിക്ക് സഹായമായി കാക്കനാട് പ്രദേശത്തെ മുതിർന്ന കർഷകയായ അമ്മ ഭവാനിയും സഹോദരങ്ങളായ കെ. കെ.ഷാജി, കെ.കെ. ശശി, കെ. കെ.ഗിരീഷ്, എന്നിവരും കൂട്ടുകാരും ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |