കൊച്ചി: തകർച്ചാ ഭീഷണി നേരിടുന്ന വൈറ്റില സിൽവർ സാൻഡ് ഐലന്റ് ചന്ദേർകുഞ്ജ് ആർമി ടവറിലെ ഫ്ളാറ്റുടമകൾ ഒഴിയേണ്ട അവസാന തീയതി ഇന്ന്. ഓണക്കാലത്ത് ആശങ്കയുടെയും നിരാശയുടെയും സങ്കടത്തിന്റെയും നടുക്കടലിലാണ് രണ്ട് ടവറുകളിലെയും അവശേഷിക്കുന്ന 45ഓളം കുടുംബങ്ങൾ.
ആഗസ്റ്റ് 31നകം അപ്പാർട്ട്മെന്റുകൾ ഒഴിയണമെന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ പേരിൽ കളക്ടർ ഇറക്കിയ നോട്ടീസ് കഴിഞ്ഞയാഴ്ചയാണ് തൃപ്പൂണിത്തുറ നഗരസഭാ അധികൃതർ ബി, സി ടവറുകളിൽ പതിപ്പിച്ചത്. ബലമായി ഒഴിപ്പിക്കലൊന്നും ഉണ്ടാകില്ലെന്നാണ് സൂചന. നിയമപരമായ ബാദ്ധ്യത ഒഴിവാക്കാനാണ് നോട്ടീസെന്നാണ് നിഗമനം. ഒഴിയുവന്നവർക്ക് വാടക നൽകുന്നതു സംബന്ധിച്ച് അനിശ്ചിതത്വത്തിന് പരിഹാരവുമായിട്ടില്ല.
ഹൈക്കോടതി നിർദേശപ്രകാരം കളക്ടർ അദ്ധ്യക്ഷനായ സമിതിക്കാണ് രണ്ട് ടവറുകളും പൊളിച്ചുനീക്കി പുനർനിർമ്മിക്കാനുള്ള ചുമതല. ടവറുകൾ നിർമ്മിച്ച കരസേനയുടെ നിയന്ത്രണത്തിലുള്ള ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ) ഇതിനായി 170 കോടി നൽകാമെന്ന് ഹൈക്കോടതിയിൽ സമ്മതിച്ചിട്ടുണ്ട്.
വാടകയിൽ നടപടിയായില്ല
സ്ഥിരതാമസക്കാരായ ഉടമകൾക്ക് വാടക നൽകി ഒഴിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ വാടകക്കാര്യത്തിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസമാണ് ആറ് മാസത്തെ വാടക ജില്ലാ കളക്ടർ നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ ഇടക്കാലവിധിയുണ്ടായത്.
29 നില ടവറുകളിലായി 208 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. സ്ഥിരം താമസക്കാർ 102 ഓളം പേരായിരുന്നു. ടവറുകൾ അപകടാവസ്ഥയിലായപ്പോൾ മറ്റ് വീടുകളും സൗകര്യവുമുള്ളവർ മാറി. വാടക നൽകാൻ സാധിക്കാത്തവരാണ് തുടരുന്നത്.
എങ്ങും മൂകത
ആറു വർഷം മുമ്പ് ഏറെ പ്രതീക്ഷകളോടെ, സന്തോഷവും ആവേശവുമായി ശിഷ്ടജീവിതം സമാധാനമായി ചെലവഴിക്കാനാണ് നഗരത്തിനോട് ചേർന്ന സുന്ദരമായ സിൽവർ സാന്റ് ഐലന്റിലെ ചന്ദേർകുഞ്ജ് സമുച്ചയത്തിലെ ബി, സി ആർമി ടവറുകളിലേക്ക് 208കുടുംബങ്ങൾ എത്തിയത്. എല്ലാവരും സൈന്യത്തിലെ മികച്ച പദവികൾ വഹിച്ചവരായിരുന്നു. സൈനികർക്കും വിമുക്തഭടന്മാർക്കുമായി കുറഞ്ഞ ചെലവിൽ വീടുകൾ നിർമ്മിച്ചു നൽകുന്ന കരസേനയുടെ നിയന്ത്രണത്തിലുള്ള ഏജൻസിയാണ് എ.ഡബ്‌ള്യു.എച്ച്.ഒ
രാജ്യത്തെ സേവിച്ച് വിരമിച്ച തങ്ങളുടെ വിശ്രമജീവിതം നശിപ്പിച്ചത് എ.ഡബ്‌ള്യു.എച്ച്.ഒയാണ്. വാടക തരാതെ റോഡിലേക്കിറക്കിവിടാനാണ് ഇപ്പോൾ ശ്രമം. കാരണക്കാരായവർക്കെതിരെ ക്രിമിനൽ നടപടിവേണം. വാടക ലഭിച്ചില്ലെങ്കിൽ ഒഴിയില്ല. ബലമായി ഒഴിപ്പിച്ചാൽ കളക്ടറേറ്റിന് മുന്നിൽ കുടിൽകെട്ടി പാർക്കും.
റിട്ട. കേണൽ സിബി ജോർജ്
റോഡരികിൽ താമസിക്കും. ശിഷ്ടജീവിതം സമാധാനമായി കഴിയായാണ് ഇവിടെ താമസിച്ചത്. ഞങ്ങളെ വഞ്ചിക്കാനാണ് നീക്കമെങ്കിൽ തെരുവിൽ താമസിക്കും. ഈ തട്ടിപ്പും വെട്ടിപ്പും രാജ്യം കാണട്ടെ.
റിട്ട. ക്യാപ്ടൻ പോൾ എരിഞ്ചേരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |