കൊച്ചി: ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനം. 800 മീറ്റർ ഓട്ടമത്സരങ്ങൾക്കിടെ സ്‌പോർട്‌സ്മാൻ സ്പിരിറ്റിന്റെ സുന്ദര നിമിഷങ്ങൾ പിറന്നു. ഒരേ പാദുകങ്ങൾ പങ്കുവച്ച ഡാനിയേൽ ഷാജിക്കും ബേസിൽ ബെന്നിക്കും സുവർണ നേട്ടം. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ചാണ് ഡാനിയേൽ സ്വർണം ഓടിയെടുത്തത്. സീനിയർ വിഭാഗത്തിലായിരുന്നു ബേസിലിന്റെ സ്വർണനേട്ടം. കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിലെ പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർത്ഥിയാണ് വയനാട് മാനന്തവാടി സ്വദേശി ഡാനിയേൽ. കോതമംഗലം സ്വദേശിയായ ബേസിൽ ഇതേ സ്‌കൂളിൽ കൊമേഴ്‌സ് അവസാനവർഷ വിദ്യാർത്ഥിയും.
ബേസിലിന്റെ മാതാവും കായികദ്ധ്യാപികയുമായ ഷീബയുടെ കീഴിലാണ് ഇരുവരുടെയും പരീശീലനം. ബേസിലിന്റെ സ്‌പൈക്‌സ് മീറ്റിന് തൊട്ടുമുമ്പ് കേടുപറ്റിയതോടെ തന്റെ പുത്തൻ പാദുകം നൽകാൻ ഡാനിയേൽ മുന്നോട്ടുവന്നു. മത്സരശേഷം ബേസിലിന് സ്‌പൈക്‌സ് കൈമാറി.
ഒന്ന് മുതൽ ഒമ്പത് വരെ ഡൽഹിയിൽ പഠിച്ച ഡാനിയേൽ കണ്ണൂരിൽ പത്താംക്ലാസിൽ പഠിക്കെയാണ് കായികരംഗത്തേയ്ക്ക് ചുവടുവച്ചത്. ട്രയൽസിലൂടെ മാർബേസിലിൽ എത്തി. ആദ്യ ജില്ലാ കായികമേളയിൽ സ്വർണം നേടാനായതിന്റെ സന്തോഷത്തിലാണ് ഡാനിയൽ. ഡൽഹി മാരുതിയിൽ മോട്ടോർ ക്രാഫ്റ്റായ ഷാജിയുടെയും നോയിഡ ഇ.എസ്.ഐ ആശുപത്രയിലെ നഴ്‌സായ ഫ്‌ലെസിയുടെയും മകനാണ്.
ഒരേ പാദുകമിട്ട് മത്സരിച്ച രണ്ടുപേരും വിജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബേസിൽ പറഞ്ഞു. തന്റെ അവസാന സ്‌കൂൾ കായികമേളയിൽ 800 മീറ്ററിൽ സംസ്ഥാന ചാമ്പ്യനാകണമെന്നാണ് ബേസിലിന്റെ ആഗ്രഹം. പോയവർഷം ഫൈനലിൽ എതിരാളിയുടെ തട്ടേറ്റ് വീണ് സ്വപ്‌നം പൊലിഞ്ഞിരുന്നു. കഴിഞ്ഞവർഷം ജില്ലയിൽ 800, 1500, 400 മീറ്ററിൽ സ്വർണംനേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |