കൊച്ചി: വിശ്രമജീവിതത്തിലെ മട്ടുപ്പാവ് കൃഷിയിലൂടെ ദമ്പതികൾ കൊയ്‌തെടുക്കുന്നത് കൈനിറയെ നേട്ടങ്ങളാണ്. എഫ്.എ.സി.ടി.യിൽനിന്ന് ചീഫ് എൻജിനിയറായി വിരമിച്ച ഇടപ്പള്ളി പൊൻചിറ റോഡ് തേജസിൽ പി. തമ്പിയും വാട്ടർ അതോറിട്ടിയിൽനിന്ന് എക്‌സിക്യുട്ടീവ് എൻജിനിയറായി വിരമിച്ച ഭാര്യ സുശീലയുമാണ് അഞ്ച് സെന്റിലെ വീടിന്റെ മട്ടുപ്പാവിൽ ഹരിതകവചമൊരുക്കി ജീവിതം ആഘോഷമാക്കുന്നത്.
ദിവസവും രണ്ടര മണിക്കൂർ കൃഷിപ്പണിക്കായി മാറ്റിവയ്ക്കുന്നതുകൊണ്ട് ആരോഗ്യസംരക്ഷണത്തിന് വേറെ അഭ്യാസങ്ങളൊന്നും വേണ്ട. വിഷരഹിത പച്ചക്കറിയും പഴവർഗങ്ങളും മത്സ്യവുമുൾപ്പെടെ വീട്ടാവശ്യത്തിനുള്ളതും അതിലധികവും ടെറസിൽനിന്ന് ലഭിക്കും.
അടുക്കളയിലേക്കുള്ള പച്ചക്കറി സൂക്ഷിക്കാൻ ഫ്രീസർ വേണ്ടെന്നതും വീടിനുള്ളിൽ ചൂട് ക്രമീകരിക്കാൻ അധിക വൈദ്യുതി വേണ്ടെന്നതുമാണ് മട്ടുപ്പാവ് കൃഷിയുടെ അധിക നേട്ടം. നഗരവാസികൾ നേരിടുന്ന അടുക്കള മാലിന്യസംസ്‌കരണമെന്ന പ്രതിസന്ധിക്കും ഇവിടെ പരിഹാരമുണ്ട്. കോർപ്പറേഷന്റെ യാതൊരു സഹായവുമില്ലാതെ തമ്പിയും കുടുംബവും മാലിന്യസംസ്‌കരണത്തിൽ മാതൃകയാകുന്നു.
കൃഷിയിടത്തിലെ വൈവിദ്ധ്യം
വിദേശിയായ പംകിൻ പൊട്ടറ്റോ, നാടൻ പാവൽ, പടവലം, വെണ്ട, വഴുതന, കോവൽ, പയർ, പച്ചമുളക്, കുക്കുംബർ, കുമ്പളം, പീച്ചിങ്ങ (റിഡ്ജ്, സ്‌പോഞ്ച്), വിവിധയിനം ചീര, കറിവേപ്പില, പുതിന, മല്ലിയില, മുരിങ്ങ, പാലക്ക്, പഴവർഗങ്ങളായ മാതളം, സപ്പോട്ട, ചെറി, സീതപ്പഴം, കുരുമുളക്, മഞ്ഞൾ, ഇഞ്ചി എന്നിവയ്ക്ക് പുറമേ 70 വരെ മത്സ്യങ്ങളെ ഒരേസമയം വളർത്താവുന്ന ടാങ്കുമുണ്ട്. 2500 ലിറ്റർ സംഭരണശേഷിയുള്ള കോൺക്രീറ്റ് ടാങ്കിൽ ഗിഫ്റ്റ് തിലാപ്പിയ ഇനത്തിൽപ്പെട്ട മത്സ്യത്തെയാണ് വളർത്തുന്നത്.
വളപ്രയോഗ രീതി
1. പച്ചച്ചാണകം, പയർപ്പൊടി, കടലപ്പിണ്ണാക്ക്, ശർക്കര, പഴം എന്നിവ ചേർത്തുണ്ടാക്കുന്ന ജീവാമൃതം
2. അടുക്കള മാലിന്യങ്ങൾ സംസ്‌കരിച്ചെടുക്കുന്ന വെർമികമ്പോസ്റ്റ്
3. ആഴ്ചയിലൊരിക്കൽ എന്ന തോതിൽ മത്സ്യടാങ്കിൽ നിന്നുള്ള വെള്ളം ചെടികളുടെ ചുവട്ടിലേക്ക് നേരിട്ട് പമ്പ് ചെയ്യും. മത്സ്യത്തിന്റെ കാഷ്ഠവും മറ്റ് ഭക്ഷ്യാവശിഷ്ടങ്ങളും കലർന്ന വെള്ളം സസ്യങ്ങൾക്ക് ഏറെ പോഷകസമൃദ്ധമാണ്.
4. കീടബാധയുണ്ടായാൽ സ്വന്തമായി തയ്യാറാക്കുന്ന വേപ്പെണ്ണ കഷായം മാത്രംമതി.
ഉദ്യോഗസ്ഥരുടെ അവഗണന
കാര്യം ഇതൊക്കെയാണെങ്കിലും നാട്ടിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഈ കർഷകർക്ക് ഇടമില്ല. പലതവണ അങ്ങോട്ട് ചെന്ന് ക്ഷണിച്ചിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നത് മാത്രമാണ് തമ്പിയുടെ ദുഃഖം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |