കൂത്താട്ടുകുളം: പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രൈമറി വിഭാഗം മുൻ അദ്ധ്യാപികയും ആറൂർ ഹൈസ്കൂളിലെ റിട്ട. പ്രധാനാദ്ധ്യാപികയുമായ കെ .കെ. സരസമ്മയെ കേരളപ്പിറവി ദിനമായ നവംബർ 1ന് കേരള സർക്കാർ സംഘടിപ്പിക്കുന്ന മലയാള ഭാഷാ ചടങ്ങിൽ ആദരിക്കും. ആറൂർ ഗവ. എച്ച്.എസ്സിലും പ്രധാന അദ്ധ്യാപികയായിരുന്ന സരസമ്മ അക്ഷരശ്ലോകം, കാവ്യകേളി, കാവ്യ ആലാപനം എന്നിവ പ്രായഭേദമെന്യേ പരിശീലിപ്പിക്കുന്നു. കവിതാരാമം എന്ന യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. എണ്ണൂറിലധികം കവിതകളാണ് ഈ ചാനലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കൈരളി ചാനൽ നടത്തിയ മാമ്പഴം റിയാലിറ്റി ഷോയിൽ കുട്ടികളുമായി കാവ്യസംവാദം നടത്തിയതും ശ്രദ്ധേയമായിരുന്നു. ആകാശവാണിയിലും ദൂരദർശനിലും കാവ്യാലാപന പരിപാടി നടത്തുന്നുണ്ട്. അക്ഷരകേളി സംഘടനയുടെ പ്രസിഡന്റായിരുന്നു.
ജില്ലാ ഇൻഫർമേഷൻ വകുപ്പിന്റെ ബഹുമതി ലഭിച്ചിട്ടുണ്ട്. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്കടക്കം പരിശീലനം നൽകിവരുന്നു.
ജി.എച്ച്.എസ്.എസ് മാറാടി റിട്ട. പ്രിൻസിപ്പൽ പി.എൻ. കേശവൻ നായരാണ് ഭർത്താവ്. മുത്തോലപുരത്ത് കൃഷ്ണൻ നായരുടെയും ജാനകിയമ്മയുടെയും മകളായി ജനിച്ച സരസമ്മ ഇപ്പോൾ ഇളയ മകൻ കെ. അരുണിനൊപ്പം ഇടപ്പള്ളി ചങ്ങമ്പുഴ നഗറിലാണ് താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |