കൊച്ചി: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി കവർച്ച ചെയ്ത കേസിൽ അറസ്റ്റിലായത് അയൽജില്ലയിൽ നിന്ന് കാപ്പ ചുമത്തി മാസങ്ങൾക്ക് മുമ്പ് നാടുകടത്തിയ കുറ്റവാളി. മറ്റ് ജില്ലകളിൽ ബൈക്കിൽ ചുറ്റിക്കറങ്ങിയാണ് പ്രതി കവർച്ച നടത്തിയിരുന്നത്.
പാല കിടങ്ങൂർ തട്ടമാട്ടിൽ വീട്ടിൽ ശ്രീജിത്ത് ബെന്നിയാണ് (27) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. കോട്ടയം ജില്ലയിൽ മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഈ കാലയളവിൽ കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
ഇതിനിടെയാണ് മുളന്തുരുത്തി സ്വദേശിയായ യുവാവുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. കഴിഞ്ഞ 27ന് എറണാകുളം നോർത്ത് എസ്.ആർ.എം റോഡിലെ ഹോട്ടലിൽ മുറിയെടുത്ത ശ്രീജിത്ത് ബെന്നി മുളന്തുരുത്തി സ്വദേശിയെ ഹോട്ടലിലേക്ക് ക്ഷണിച്ചു. പകൽ മദ്യപാനം ഉൾപ്പെടെ സത്കാരം കഴിഞ്ഞ് യുവാവ് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്തെങ്കിലും ശ്രീജിത്ത് തടഞ്ഞു. അന്ന് രാത്രി ഹോട്ടലിൽ തങ്ങാൻ നിർദ്ദേശിച്ചു.
രാത്രി ഇരുവരും കിടക്കുന്നതിനിടെ ശ്രീജിത്ത് യുവാവിനോട് 50,000 രൂപ ആവശ്യപ്പെട്ടു. യുവാവ് വഴങ്ങിയില്ല. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് യുവാവിന്റെ കൈയിൽ കിടന്ന 75,000 രൂപയുടെ സ്വർണച്ചെയിൻ പൊട്ടിച്ചെടുത്തതും 1.50 ലക്ഷം രൂപ വിലപിടിപ്പുള്ള മുന്തിയ മൊബൈൽ ഫോൺ തട്ടിയെടുത്തതും. ഇതുമായി ശ്രീജിത്ത് ബൈക്കിൽ കടന്നുകളഞ്ഞു.
എറണാകുളം നോർത്ത് പൊലീസിന്റെ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ശ്രീജിത്തിനെ പിടികൂടിയത്. കവർന്ന മൊബൈൽ ഫോൺ കണ്ടെടുത്തെങ്കിലും സ്വർണച്ചെയിൻ കിട്ടിയില്ല. എസ്.ഐമാരായ ഐൻബാബു, റെജി ഹരികൃഷ്ണൻ, അനീഷ്, സീനിയർ സി.പി.ഒമാരായ അജിലേഷ്, വിപിൻ, റിനു, രെജീന്ദ്രൻ, ഷിജുകോയ, മാഹിൻ, അജീത് പോൾ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തൃശൂർ, കോട്ടയം ജില്ലകളിൽ നിന്ന് കാപ്പ ചുമത്തി നാടുകടത്തുന്ന കുറ്റവാളികൾ എറണാകുളം ജില്ലയിൽ തങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞമാസം ഇടപ്പള്ളി പള്ളിക്ക് സമീപം തൃശൂരിൽ നിന്ന് നാടുകടത്തിയ കാപ്പ പ്രതികളും ബന്ധുക്കളും ഏറ്റുമുട്ടിയ സംഭവത്തിൽ മൂന്നു പേരെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പരാതിക്കാരനും കാപ്പ ചുമത്തപ്പെട്ട് തൃശൂരിൽ നിന്ന് നാടുകടത്തപ്പെട്ടയാളാണ്. ഇരുസംഘങ്ങളും തമ്മിലുള്ള കുടിപ്പകയുടെ തുടർച്ചയായിരുന്നു കൊച്ചിയിലെ ഏറ്റുമുട്ടൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |