
കൊച്ചി: സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ സൃഷ്ടിച്ചത് 40 നഗരവനങ്ങൾ. 128 വിദ്യാവനങ്ങളും 'പച്ചപിടിപ്പിച്ചു'. നഗരവത്കരണ വ്യാപനത്തിനിടയിലും പ്രകൃതിയുടെ നിലനിൽപ്പിന് പ്രതീക്ഷയേകുന്ന വിവരങ്ങളാണ് വനംവകുപ്പിന്റെ രേഖകളിലുള്ളത്. 2025-26 കാലയളവിൽ 36 നഗരവനംകൂടി സൃഷ്ടിക്കാനാണ് വനംവകുപ്പ് ലക്ഷ്യം.
2020-21ൽ കാലടി പ്രകൃതി പഠനകേന്ദ്രത്തിന്റെ കീഴിൽ നെടുമ്പാശേരിയിൽ സുവർണോദ്യാനം ബയോളജിക്കൽ പാർക്കും തിരുവനന്തപുരം നെയ്യാറിലും തൃശൂരിൽ പട്ടിക്കാടിലും മിയാവാക്കി വനങ്ങളും സൃഷ്ടിച്ചിരുന്നു. ഈ ആശയം ഉൾക്കൊണ്ടാണ് സാമൂഹിക വനവത്കരണ വിഭാഗം നഗരങ്ങളിൽ നഗരവനവും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാവനവും സൃഷ്ടിക്കാൻ പദ്ധതി ആരംഭിച്ചത്.
പരിപാലനം വനംവകുപ്പ്
ജനപങ്കാളിത്തത്തോടെ തദ്ദേശീയ സസ്യങ്ങളെയും മരങ്ങളെയും ഇടതൂർന്ന് വളർത്തിയാണ് നഗരവനങ്ങൾ സൃഷ്ടിക്കുന്നത്. നഗരവനങ്ങളുടെ പരിപാലനം വനംവകുപ്പ് നേരിട്ടാണ് നടത്തുന്നത്. വിദ്യാവനങ്ങൾ അതത് സ്കൂളുകളിലെയും കോളേജുകളിലേയും അദ്ധ്യാപകരുടെയും ഫോറസ്റ്റ് ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പരിപാലിക്കും. സസ്യജാലങ്ങളും തുറസായ ഇടങ്ങളും കുറയുന്നതിനൊപ്പം കെട്ടിടങ്ങൾ നിറയുകയും ചെയ്തതോടെ താപനില വൻതോതിൽ ഉയർന്നു. ഹീറ്റ് ഐലൻഡ് ഇഫക്റ്റ് എന്ന ഈ പ്രതിഭാസത്തെ നഗരവനവത്കരണത്തിലൂടെ ചെറുക്കാമെന്ന കണ്ടെത്തലാണ് പദ്ധതിക്ക് വേഗം കൂട്ടിയത്.
നഗരവനം സൃഷ്ടിക്കാൻ ഏറ്റവും കുറഞ്ഞത് അഞ്ചുസെന്റ് സ്ഥലമാണ് തിരഞ്ഞെടുക്കുക.
വളർച്ചയുടെ സാദ്ധ്യതയും വലുപ്പവും അടിസ്ഥാനമാക്കി പിന്നീട് നടാനുള്ള ഇനങ്ങളെ തിരഞ്ഞെടുക്കും. കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അനുയോജ്യമായ തദ്ദേശീയ ഇനങ്ങളെ തിരഞ്ഞെടുക്കുന്നത്.
ശാഖകളുടെ വ്യാപനം, ഉയരം, തണൽ, വളർച്ചാഘട്ടം തുടങ്ങിയ ഘടകങ്ങളും പരിഗണിക്കും.
വ്യത്യസ്ത ഉയരങ്ങളിൽ വളരുന്ന സസ്യങ്ങളുടെ തൈകൾ വൈവിദ്ധ്യമാർന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്നതിനാൽ ഇത്തരം സസ്യങ്ങളാണ് പൊതുവേ വച്ചുപിടിപ്പിക്കുന്നത്.
ഒരാൾക്ക് വേണം 9 ചതുരശ്ര മീറ്റർ
നഗരങ്ങളിൽ ഒരാൾക്ക് അത്യാവശ്യം വേണ്ട, ഏറ്റവും കുറഞ്ഞ ഹരിത ഇടം 9 ചതുരശ്ര മീറ്ററാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാൽ കേരളത്തിലെ നഗരപ്രദേശങ്ങളിൽ ഇത് പലപ്പോഴും കുറവാണ്.
ജില്ല -------എണ്ണം
തിരുവനന്തപുരം - 8
കൊല്ലം - 4
പത്തനംതിട്ട - 5
കോട്ടയം - 1
എറണാകുളം - 6
തൃശൂർ - 2
ഇടുക്കി - 3
കണ്ണൂർ - 2
വയനാട് - 2
മലപ്പുറം - 1
കോഴിക്കോട് -4
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |